Skip to main content

മഴക്കെടുതി - ക്യാമ്പുകളില്‍ മെഡിക്കല്‍ ടീം സജീവം

 

ജില്ലയില്‍ മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയില്‍ മെഡിക്കല്‍ സംഘം സജീവമായി രംഘത്തുണ്ട്. ജില്ലയില്‍ ആരംഭിച്ച 136 ദുരിതാശ്വാസക്യാമ്പുകളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പരിശോധന നടത്തി. ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും ആരോഗ്യജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ ഇതുവരെ 429 വൈറല്‍ ഫീവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഒരാള്‍ക്ക് മഞ്ഞപ്പിത്തവും നാല് പേര്‍ക്ക് ചിക്കന്‍ പോക്‌സും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇതുവരെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. ഇത് സാധാരണ വൈറല്‍പ്പനിയാണ്. എങ്കിലും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതിനാല്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും സ്വയംചികിത്സ ഒരു കാരണവശാലും പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ എല്ലാ ദുരിതാശ്വാസക്യാമ്പുകളിലും ഒരു ഡോക്ടറും നഴ്‌സും അടങ്ങുന്ന സംഘത്തിന്റെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്. വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകളും പ്രതിരോധ മരുന്നുകളും ഉള്‍പ്പെടെ വിതരണം ചെയ്യുന്നതോടൊപ്പം ക്യാമ്പുകളിലെ കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തുന്നുണ്ട്. 

കാലവര്‍ഷക്കെടുതി: 7856 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കാലവര്‍ഷ കെടുതിയില്‍ ജില്ലയില്‍ ഇന്നലെ ഏഴു മണി വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 156 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 7856 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചില്‍ താലൂക്കുകളിലുളള വിവിധ ക്യാമ്പുകളില്‍ 27601 പേരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. കോട്ടയം താലൂക്കില്‍ 64, ചങ്ങനാശ്ശേരി 30, വൈക്കം 55, മീനച്ചില്‍ ഏഴ് എന്നിങ്ങനെയാണ് ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വൈക്കത്ത് മാത്രം 18940 പേര്‍ ക്യാമ്പുകളിലുണ്ട്. ചങ്ങനാശ്ശേരിയില്‍ 5500 പേരും കോട്ടയത്ത് 2892 പേരും മീനച്ചില്‍ താലൂക്കില്‍ 269 പേരും വിവിധ ക്യാമ്പുകളിലുണ്ട്. ഇവര്‍ക്കുളള ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.   

 

date