Skip to main content
ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ താലൂക്ക് തലജനസമ്പര്‍ക്കപരിപാടി പരിഹാരം 2018  കുന്നത്തുനാട് താലൂക്കില്‍ നടക്കുന്നു

പരാതികള്‍ക്ക് പരിഹാരവുമായി കുന്നത്തുനാട്ടില്‍ പരിഹാരം 2018 പരിഹാരം പരിഗണിച്ചത് 79 പരാതികള്‍;  ഫയല്‍ അദാലത്തില്‍ 642 പരാതികള്‍ക്ക് തീര്‍പ്പായി 

 

 

കൊച്ചി: ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ കുന്നത്തുനാട് താലൂക്കില്‍ നടന്ന താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി പരിഹാരം 2018-ല്‍ പരിഗണിച്ചത്  79 പരാതികള്‍. ഇതിനോടൊപ്പം  നടന്ന ഫയല്‍ അദാലത്തില്‍ താലൂക്കില്‍ ആകെ 642 ഫയലുകള്‍ തീര്‍പ്പാക്കി. കളക്ടറേറ്റില്‍ നിന്ന് താലൂക്കിലേക്ക് റിപ്പോര്‍ട്ടിനായി  അയച്ച 68 ഫയലുകളും ഇതില്‍ പെടും. ലാന്റ് റെക്കോര്‍ഡ് മെയിന്റനന്‍സ് സംബന്ധിച്ച ഫയലുകള്‍ -334, അവകാശ പോക്കുവരവ് 33, ഭൂമിയുടെ പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പതിവുകേസുകള്‍ - 60, പോക്കുവരവുമായി ബന്ധപ്പെട്ട 36 പരാതികള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട 65 സഹായധനഅപേക്ഷകള്‍, മറ്റുവിഷയങ്ങളില്‍ 46 പരാതികള്‍ എന്നിവയാണ് തീര്‍പ്പാക്കിയത്. 

 

പെന്‍ഷന്‍, ലൈഫ് പദ്ധതി, റേഷന്‍ കാര്‍ഡ് മാറ്റം, തുടങ്ങിയ വിഭാഗങ്ങളിലുള്ള പരാതികളും പരിഗണിച്ചു. റീസര്‍വേയില്‍ അതിര്‍ത്തിവ്യത്യാസത്തെ തുടര്‍ന്ന് കരമൊടുക്കാന്‍ കഴിയാത്ത ഭൂമി, സര്‍വേ നമ്പറിലെ തെറ്റ്, പേര് മാറിയവ, വിസ്തീര്‍ണ്ണ വ്യത്യാസം, പുറമ്പോക്ക് ഭൂമിപട്ടയ ഭൂമി ഇനം മാറ്റം തുടങ്ങിയ വിഭാഗങ്ങളിലായി കെട്ടിക്കിടന്ന പല പരാതികളും തീര്‍പ്പാക്കി. 

 

ഇതില്‍ ഏഴ് പരാതികള്‍ തീര്‍പ്പാക്കിയതിന്റെ ഉത്തരവ് കളക്ടര്‍ നേരിട്ട് കക്ഷികള്‍ക്ക് കൈമാറി. പുത്തന്‍കുരിശ് കരിമുകള്‍ കരയില്‍ ചന്ദ്രിക നല്കിയ പരാതിയിലുള്ള ഉത്തരവാണ് ആദ്യം കൈമാറിയത്. 1999 മുതല്‍ 1.75 ആര്‍ ഭൂമിയില്‍ വീടുവച്ച് താമസിക്കുന്ന  ചന്ദ്രികയ്ക്ക്  ഭുമിയുടെ പോക്കുവരവ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നായിരുന്നു പരാതി. പോക്കുവരവ് സംബന്ധിച്ച് നിയമാനുസൃതം നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും ആക്ഷേപങ്ങളൊന്നും ലഭിക്കുകയും ചെയ്തിരുന്നില്ല. അതിനാല്‍ പോക്കുവരവ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവ് നല്കുകയും ഉത്തരവിന്റെ പകര്‍പ്പ് ജില്ലാ കളക്ടര്‍ ചന്ദ്രികയ്ക്ക് കൈമാറുകയും ചെയ്തു. 

 

ഭൂമിയുടെ പട്ടയം, റീസര്‍വേ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ജില്ലയില്‍ ഏറ്റവും കൂടുതലുള്ളത് കുന്നത്തുനാട് താലൂക്കിലാണെന്നും ഇവ പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ എടുത്തുവരികയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പരിഹാരത്തോടൊപ്പം ഫയല്‍ അദാലത്തും ഒരുമിച്ചു നടത്തിക്കൊണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ തീരുമാനമെടുക്കാനാണ് ശ്രമം. 2017-ല്‍ 10 പരിഹാരം പരിപാടി നടത്തുകയും ആകെ 2618 അപേക്ഷകള്‍ ലഭിക്കുകയും ചെയ്തു. ഇതില്‍ 2400 പരാതികളും പരിഹരിച്ചു. ബാക്കിയുള്ളവ അവസാനഘട്ട നടപടികളിലാണെന്നും കളക്ടര്‍ പറഞ്ഞു.

ആധാര്‍ രജിസ്‌ട്രേഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ നല്‍കാനും പരിഹാരം വേദിയില്‍ സൗകര്യമൊരുക്കിയിരുന്നു.

 

പെരുമ്പാവൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ്ഹാളില്‍ നടത്തിയ പരിപാടിയില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ കബീര്‍, ആര്‍ഡിഒ അനില്‍കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ സുരേഷ്‌കുമാര്‍, ചന്ദ്രശേഖരന്‍, തഹസില്‍ദാര്‍ സാബു കെ ഐസക്, സര്‍വേ സൂപ്രണ്ട് എം എന്‍ അജയകുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പോക്കുവരവ്, കിടപ്പാടം: പരിഹാരത്തിലൂടെ

തീര്‍പ്പായത് വര്‍ഷങ്ങളായുള്ള പരാതികള്‍

വര്‍ഷങ്ങളായി തീര്‍പ്പാകാതിരുന്ന പല പരാതികള്‍ക്കുമാണ് കുന്നത്തുനാട് താലൂക്കില്‍ നടന്ന പരിഹാരത്തിലൂടെയും ഫയല്‍ അദാലത്തിലൂടെയും വേഗത്തില്‍ തീര്‍പ്പാക്കിയത്.  1999 മുതല്‍ വീടുവച്ചു താമസിക്കുന്ന ഭൂമിയുടെ പോക്കുവരവ് നടത്താനുള്ള അനുവാദമാണ് പുത്തന്‍കുരിശ് കരിമുകള്‍ കരയില്‍ ചന്ദ്രികയ്ക്ക് ലഭിച്ചത്. 

വടക്കേഏഴിപ്രംകര കാനാംപറമ്പില്‍ ചാമിയുടെ പേരിലുള്ള ഭൂമി, ചാമി മരണപ്പെട്ടതിനാല്‍ തങ്ങളുടെ പേരില്‍ അവകാശ പോക്കുവരവ് അനുവദിക്കണമെന്നായിരുന്നു ഭാര്യ നാനിക്കുട്ടിയുടെയും മക്കളുടെയും ആവശ്യം. ഫയല്‍ അദാലത്തില്‍ പരിഗണിച്ച ഈ അപേക്ഷയില്‍ രേഖകള്‍ പരിശോധിക്കുകയും അവകാശ പോക്കുവരവിന് അനുവാദം നല്കുകയും ചെയ്തു. 

രായമംഗലം വില്ലേജിലെ ശാന്തകുമാരിക്കും ഭൂമിസംബന്ധമായ പ്രശ്‌നമാണ് ഉന്നയിക്കാനുണ്ടായിരുന്നത്. പെരിയാര്‍വാലി കനാല്‍ പുറമ്പോക്കില്‍ നിന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം മറ്റൊരു വ്യക്തിക്ക് പുനകൈമാറ്റം ലഭിച്ച ഭൂമിയാണ് ശാന്തകുമാരി അയാളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയത്. അവിടെ വീടുവച്ച് താമസിച്ചിരുന്ന ശാന്തകുമാരിക്ക് ഭൂമി ഇനംമാറ്റം നടത്തി പോക്കുവരവ് നടത്താനനുവദിക്കണമെന്നായിരുന്നു അപേക്ഷ.  അപേക്ഷകയ്ക്ക് ഭൂമി കൈമാറിയ വ്യക്തിയുടെ പേരില്‍ മുന്‍ സര്‍വേ രേഖകള്‍ പ്രകാരം പോക്കുവരവ് ചെയ്ത് നല്കിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച ശേഷം, ഭൂമി ഇനംമാറ്റം നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള തഹസില്‍ദാരുടെ ഉത്തരവ് ജില്ലാ കളക്ടര്‍ കൈമാറി. 

റീസര്‍വേയില്‍ വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പേര് തെറ്റായി രേഖപ്പെടുത്തിയത് തിരുത്താനും പോക്കുവരവ് നടത്താനും അനുവദിക്കണമെന്നായിരുന്നു വേങ്ങുര്‍ വെസ്റ്റ് വില്ലേജ് ഇടക്കര വീട്ടില്‍ തോമസ് ഔസേഫിന്റെ ആവശ്യം. രേഖകള്‍ പരിശോധിക്കുകയും തോമസ് ഔസേഫിന്റെ പേരില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തിരുത്തിക്കൊടുക്കാനും പോക്കുവരവു നടത്താനും ഫയല്‍ അദാലത്തില്‍ തീരുമാനമായി.

 

ഐരാപുരം വില്ലേജില്‍ തന്റെ ഉടമസ്ഥതയിലുള്ള ഒമ്പത് സെന്റ് ഭൂമിയില്‍ വീടുവയ്ക്കാനനുവാദം തരണമെന്നായിരുന്നു നിര്‍ധന കുടുംബാംഗമായ പ്രേമസാജുവിന്റെ അപേക്ഷ. ലൈഫ് മിഷന്‍ പദ്ധതിപ്രകാരം ധനസഹായം അനുവദിച്ചിട്ടും വീടുവയ്ക്കാനാവാത്ത സാഹചര്യമാണ്.  വില്ലേജ് രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയതിനാലാണ് വീട് വയ്ക്കാനാവാത്തതെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു. രേഖകള്‍ പരിശോധിച്ച് വേഗത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ മഴുവന്നൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കും ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ക്കും  നിര്‍ദേശം നല്കി.

വടവുകോട് വില്ലേജില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ കീഴിലുള്ള ഭൂമി സ്വകാര്യവ്യക്തി കയ്യേറിയെന്നാരോപിച്ചാണ് തങ്കച്ചന്‍ പരിഹാരത്തിനെത്തിയത്. സര്‍വേ വിഭാഗം അളന്ന് അതിര്‍ത്തി തിട്ടപ്പെടുത്തി നല്കിയതിനാല്‍ ഭൂമി സംരക്ഷിക്കുന്നതിനുള്ള നടപടികളെടുക്കാന്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് നിര്‍ദേശം നല്കി.

പെരുമ്പാവുര്‍ പട്ടാന്‍കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന ജമീല ബഷീറിന് സ്വന്തമായി ഭൂമി വേണമെന്ന അപേക്ഷയാണുണ്ടായിരുന്നത്. 16 വര്‍ഷമായി പുറമ്പോക്കില്‍ ഷീറ്റ് വലിച്ചു കെട്ടി, രോഗിയായ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന ജമീലയ്ക്ക് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഭൂമി അനുവദിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ ലൈഫ് മിഷന്‍ ജില്ലാ കോ ഓഡിനേറ്ററെ ചുമതലപ്പെടുത്തി. 

 

date