Skip to main content

ലൈഫ് മിഷന്‍ രണ്ടാം ഘട്ടം നടപ്പാക്കാന്‍ 4000 കോടി: മന്ത്രി ഡോ.കെ.ടി ജലീല്‍

സംസ്ഥാനത്ത് ലൈഫ്മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് 4000 കോടി രൂപ ഹഡ്‌കോയില്‍ നിന്ന് വായ്പയെടുത്ത് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. മലപ്പുറം ടൗണ്‍ ഹാളില്‍ 2018-19 ലെ വാര്‍ഷിക പദ്ധതിനിര്‍വ്വഹണ പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കിണര്‍ നിര്‍മ്മാണത്തിന് ഫണ്ട് വകയിരുത്തുന്നത് കിണര്‍ കുഴിക്കന്നതിനുള്ള  സ്ഥലം കണ്ടെത്തിയ ശേഷമായിരിക്കണം. ജില്ലയിലെ മിക്ക തദ്ദേശസ്ഥാപനങ്ങളും സ്‌പോര്‍ട്‌സിന് പ്രൊജക്റ്റ് സമര്‍പ്പിക്കുന്നില്ല. ഗെയിംസ് ഫെസ്റ്റിവെലിന് 29 പഞ്ചായത്തകള്‍ മാത്രമാണ് പ്രൊജക്റ്റ് സമര്‍പ്പിച്ചിട്ടുള്ളുവെന്നും മന്ത്രി പറഞ്ഞു. സംരംഭകത്വ ക്ലബ്ബുകള്‍, ഭിന്നശേഷിക്കാരുടെ കലോല്‍സവം എന്നിവയ്ക്ക് നിര്‍ബസമായും പ്രൊജക്റ്റ് വെക്കണം. തദ്ദേശ സ്ഥാപനങ്ങളില്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം നടപ്പാക്കണമെന്നും ഉദ്യോഗസ്ഥരോട് ജോലി ചെയ്യിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

പദ്ധതിച്ചെലവ് ജില്ല രണ്ടാം സ്ഥാനത്ത്
ഈ സാമ്പത്തിക വര്‍ഷം ജൂലൈ 20 വരെ പദ്ധതി തുക ചെലവഴിച്ചതില്‍ ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത്. വിവിധ തദ്ധേശ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വ്വഹണത്തിനായി ഇതുവരെ ചെലവഴിച്ചത് 107.82 കോടി രൂപയാണ്. ജില്ലയുടെ മൊത്തം പദ്ധതി വിഹിതം 641.77 കോടിയാണ്. കഴിഞ്ഞ ഏപ്രല്‍ ഒന്ന് മുതല്‍ ജൂലൈ 20 വരെ ജില്ലയുടെ മൊത്തം പദ്ധതി തുകയുടെ 16.80 ശതമാനം ചെലവഴിച്ചിട്ടുണ്ട്. സംസ്ഥാന ആകെ പദ്ധതി ചെലവ് 14.74 ശതമാനമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശതമാനം പദ്ധതി തുക ചെലവഴിച്ചത് പത്തനംതിട്ട ജില്ലയാണ്. ജില്ലയില്‍ ഗ്രാമ പഞ്ചായത്തുകള്‍ മൊത്തം പദ്ധതി തുകയായ 338.63 കോടിയില്‍ 59.87 കോടി (17.68 ശതമാനം) ബ്ലോക്ക് പഞ്ചായത്തുകള്‍ 91.83 കോടിയില്‍ 15.76 കോടി (17.17 ശതമാനം) ജില്ലാ പഞ്ചായത്ത് 97.75 കോടിയില്‍ 9.96 കോടി (10.85 ശതമാനം) നരസഭകള്‍ 119.56 കോടിയില്‍ 22.22 കോടിയും (18.58 ശതമാനം) ഈ സാമ്പത്തിക വര്‍ഷം ചെലവഴിച്ചിട്ടുണ്ട്. മികച്ച തദ്ധേശ സ്ഥാപനങ്ങളെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല, പ്ലാനിങ്ങ് ഓഫീസര്‍ പ്രദീപ് കുമാര്‍, തദ്ദേശ സ്ഥാപന ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date