Skip to main content

മഞ്ചേരിയിലെ റസ്റ്റ് ഹൗസ് ഉദ്ഘാടനം 22 ന്

 

മഞ്ചേരി ചെരണിയില്‍ നിര്‍മ്മിച്ച റസ്റ്റ് ഹൗസ് ഉദ്ഘാടനത്തിന് സജ്ജമായി. മൂന്നു കോടി രൂപ ചെലവിട്ടാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 22ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ അഡ്വ. എം.ഉമര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായിരിക്കും. മഞ്ചേരി നഗരസഭാ അദ്ധ്യക്ഷ വി.എം സുബൈദ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം കോയ മാസ്റ്റര്‍, മഞ്ചേരി നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, പി.ഡബ്യു.ഡി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ദിലീപ് ലാല്‍,  എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം. മുഹമ്മദ് അന്‍വര്‍, അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഷിനി.എം തുടങ്ങിയവര്‍ സംബന്ധിക്കും.

രണ്ടു നിലകളുള്ള കെട്ടിടത്തില്‍ ആറ് മുറികളുണ്ട്. ഇതില്‍ മൂന്ന് മൂറികള്‍ വിഐപികള്‍ക്ക് വേണ്ടിയാണ് ഒരുക്കിയത്. അടുക്കള, സമ്മേളന ഹാള്‍, ഓഫീസ്, സ്റ്റോര്‍ മുറി എന്നിവയും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. വൈദ്യുതീകരണം, പെയിന്റിങ്, ചുറ്റുമതില്‍ തുടങ്ങിയവ പൂര്‍ത്തിയാക്കി. കെട്ടിടത്തിലേക്ക് ആവശ്യമായ മുഴുവന്‍ ഫര്‍ണീച്ചറുകളും ഉടന്‍ സജ്ജീകരിക്കും.

നിലവിലുണ്ടായിരുന്ന റസ്റ്റ് ഹൗസ് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് താമസ സ്ഥലമാക്കി മാറ്റിയതോടെ സര്‍ക്കാര്‍ തലത്തിലുള്ള ടി ബി സംവിധാനം ഇല്ലാതായിരുന്നു. ഇത് ജില്ലയുടെ സിരാകേന്ദ്രമായ മഞ്ചേരിയിലെത്തുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയും വിദ്യാര്‍ഥികളെയും ഏറെ പ്രയാസപ്പെടുത്തി. പുതിയ മന്ദിരം തുറക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും.

date