Skip to main content

പനച്ചമൂട് ചന്ത നവീകരണം;  സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ സന്ദര്‍ശിച്ചു

 

വെള്ളറട ഗ്രാമപഞ്ചായത്തിലെ പനച്ചമൂട് ചന്ത അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. യുടെ നേതൃത്വത്തില്‍ വെള്ളറട പഞ്ചായത്ത് ഓഫീസ് ഹാളില്‍ അവലോകന യോഗം നടന്നു. പ്രാരംഭ നവീകരണത്തിന് ആവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായാണ് യോഗം ചേര്‍ന്നത്.  ഇതിനോടനുബന്ധിച്ച് എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ചു. ആറു മാസത്തിന്നുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.  20 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.   ഒന്നാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

മത്സ്യം, മാംസം, പച്ചക്കറി എന്നിവയ്ക്ക് പ്രത്യേക സ്റ്റാളുകള്‍, ശുചിമുറികള്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക വിശ്രമമുറികള്‍, മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, ഐസ് സൂക്ഷിക്കുന്നതിന് സ്പില്‍ റൂം, ഐസ് നിര്‍മാണ യൂണിറ്റ്, ബയോഗ്യാസ് പ്ലാന്റുകള്‍, സോളാര്‍ പ്ലാന്റുകള്‍, ലഘുഭക്ഷണ ശാലകള്‍ എന്നിവ ഒന്നാം ഘട്ടത്തില്‍  പൂര്‍ത്തിയാക്കും. 

വെള്ളറട ഗ്രാമ പഞ്ചായത്തിലെ പനച്ചമൂട് ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന പനച്ചമൂട് ചന്ത രാജഭരണകാലത്ത് ആരംഭിച്ചതാണ്. മലയോര പ്രദേശത്തെ ആദിവാസി ഊരുകളിലെ കര്‍ഷകരും തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരും ഇവിടെ എത്താറുണ്ട്. കുന്നത്തുകാല്‍, ആര്യങ്കോട്, അമ്പൂരി, ഒറ്റശേഖരമംഗലം പഞ്ചായത്ത് നിവാസികള്‍ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും പനച്ചമൂട് ചന്തയെ ആണ് ആശ്രയിക്കുന്നത്.
(പി.ആര്‍.പി. 1928/2018)

date