Skip to main content

അനര്‍ഹമായ മുന്‍ഗണന, ഏ.ഏ വൈ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണം

 

 യതാര്‍ത്ഥ വിവരം മറച്ചു വെച്ചു ഭക്ഷ്യ ഭദ്രതാ നിയമം പ്രകാരം  റേഷന്‍ ഗുണഭോക്താക്കളായി  മുന്‍ഗണന ലിസ്റ്റില്‍ ഇടം പിടിച്ച അര്‍ഹതയില്ലാത്തവരെ കണ്ടെത്താന്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ടം  പരിശോധന തുടങ്ങി.  
റേഷന്‍ കാര്‍ഡിലുള്‍പ്പെട്ട ആര്‍ക്കെങ്കലും വീടിന്റെ വിസ്തീര്‍ണ്ണം 1000 ചതുരശ്ര അടിയില്‍ കൂടുതല്‍, 1 ഏക്കറില്‍ കൂടുതല്‍ ഭൂമിയുളളവര്‍, 4 ചക്ര വാഹനമുള്ളവര്‍ (ടാക്‌സി ഒഴിച്ച്), സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍  ജോലിയുളള അംഗങ്ങള്‍ ഉളള കുടുംബം, ആദായ നികുതി അടക്കുന്ന കുടുംബം, സര്‍വ്വീസ് പെന്‍ഷനും ബന്ധപ്പെട്ട ആനുകൂല്യങ്ങളുള്ള കുടുംബം, 25,000/- രൂപയിലേറെ വരുമാനമുളള കുടുംബം എന്നിവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സ്വമേധയാ ലിസ്റ്റില്‍ നിന്നും പുറത്തു പോകേണ്ടതാണ്.  ഇത്തരത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ ഈ മാസം 31 നു മുമ്പ് താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് അപേക്ഷ  സമര്‍പ്പിക്കേണ്ടതാണ്.  അര്‍ഹതയില്ലാത്തവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട് റേഷന്‍  കൈപ്പറ്റുന്നതായി കണ്ടെത്തിയാല്‍ വിവിധ വകുപ്പുകള്‍ പ്രകാരം നിയമ നടപടി സ്വീകരിക്കുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി, മൂര്‍ക്കനാട് പഞ്ചായത്ത് തുടങ്ങിയ  ചില പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയതില്‍ ചില കുടുംബങ്ങള്‍ അനര്‍ഹമായി റേഷന്‍ കൈപ്പറ്റിയതായും കണ്ടെത്തി.  അനര്‍ഹരായിട്ടും  കള്ള സത്യവാങ്മൂലം  നല്‍കിയ കുടുംബങ്ങളാണ് യഥാത്ഥ വിവരം മറച്ചു വെച്ചു മുന്‍ഗണനാ റേഷന്‍ കൈപ്പറ്റിയിട്ടുളളതായി കണ്ടെത്തിയത്.  പൊതു ജനങ്ങളില്‍ നിന്നും, സന്നദ്ധ സംഘടനകളില്‍ നിന്നും  കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് അനേ്വഷണം നടത്തിയത്. അനര്‍ഹമായി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുംബത്തെ അറിയുന്ന ആര്‍ക്കും നേരിട്ടോ, ഫോണ്‍ മുഖാന്തിരമോ, എഴുതി തന്നോ, പരാതി സപ്ലൈ ഓഫീസില്‍ നല്‍കാവുന്നതാണ്.  പരാതിപ്പെടുന്നവരുടെ പേര് വിവരം വെയ്ക്കണമെന്ന് നിര്‍ബന്ധമില്ല.  പരാതിപ്പെടുമ്പോള്‍ അനര്‍ഹരുടെ റേഷന്‍ കാര്‍ഡ് നമ്പറും, റേഷന്‍ കട നമ്പറും രേഖപ്പെടുത്തിയാല്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് സഹായകരമായിരിക്കും.  പരാതിപ്പെടുന്ന വ്യക്തികളുടേയോ, സംഘടകളുടേയോ പേര് വിവങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്.  വില്ലേജ്/തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച ലിസ്റ്റും, മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ലഭിച്ച ലിസ്റ്റും വെച്ചുള്ള പരിശോധന നടന്നുവരുന്നുണ്ട്.

 

date