Skip to main content

ക്ഷീര മേഖലയില്‍ ഗുണമേന്മയുള്ള പാല്‍ ലഭ്യത ഉറപ്പ് വരുത്തുമെന്ന് മന്ത്രി രാജു

 

സംസ്ഥാനത്തെ ക്ഷീര മേഖലയെ സ്വയംപര്യാപതമാക്കുന്നതിനോടൊപ്പം   ഗുണമേന്മയുള്ള പാല്‍ ലഭ്യത ഉറപ്പ് വരുത്തുമെന്ന് ക്ഷീരവികസന-മൃഗ സംരക്ഷണ-വനം-വന്യജീവി വകുപ്പ്  മന്ത്രി അഡ്വ കെ. രാജു പറഞ്ഞു.  ക്ഷീരവികസന വകുപ്പ് അട്ടപ്പാടി ബ്ലോക്കില്‍ സംഘടിപ്പിച്ച ക്ഷീര കര്‍ഷക സംഗമം 2018 - 19  ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പാല്‍ ലഭ്യതയ്ക്ക്   മികച്ച കാലിത്തീറ്റയുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്.  ഇതിനുവേണ്ടി പ്രത്യേക നിയമം കൊണ്ടുവരുമെന്നും  ഇതോടെ കാലിത്തീറ്റയുടെ ഗുണമേന്മ ഉറപ്പാക്കാന്‍ നിയമം നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം  പറഞ്ഞു. പാലിന്‍റെ ഗുണമേന്‍മ ഉറപ്പാക്കാന്‍ തീവ്രയത്ന പരിപാടികള്‍ക്ക് വകുപ്പ് തുടക്കമിട്ടുകഴിഞ്ഞു. ഉദ്യോഗസ്ഥതലത്തില്‍ പരിശീലനം പൂര്‍ത്തിയായെന്നും അറിയിച്ചു.   
പാല്‍ ഉല്‍പ്പാദനത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. കേരളത്തിന് വേണ്ട പാലിന്‍റെ 83 ശതമാനവും സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ കേരളം പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാവും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള നിലവാരംകുറഞ്ഞ പാല്‍ കേരളത്തില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും പാല്‍ പരിശോധനാ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുമെന്നും   മന്ത്രി പറഞ്ഞു.  ക്ഷീര കര്‍ഷകര്‍, ക്ഷീര വകുപ്പ്, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എന്നിവയുടെ പ്രവര്‍ത്തനം ഒന്നിച്ചുകൊണ്ടുപോവാന്‍ കഴിഞ്ഞതാണ് കേരളത്തെ പാല്‍ ഉത്പാദനത്തില്‍ മുന്നിലെത്തിച്ചത്. അട്ടപ്പാടി ബ്ലോക്കിനെ ഡയറി സോണായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ രണ്ടര കോടിരൂപയുടെ അധിക സഹായം മേഖലയ്ക്ക് ലഭിക്കും.  
ക്ഷീര മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ കര്‍ഷകരെ ഈ തൊഴിലില്‍ നിലനിര്‍ത്തുകയും യുവാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പുതുതായി രംഗത്തേയ്ക്ക് കടന്നുവരാനും ഉള്ള സാഹചര്യം ഉണ്ടാക്കി. കന്നുകാലികള്‍ കുറയുന്നത് പരിഹരിക്കാന്‍ മികച്ചയിനം കാലികളെ സംസ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. പാല്‍ ഉത്പാദനം വര്‍ധിച്ച സാഹചര്യത്തില്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിന് മില്‍മ സജ്ജമാകണം. 
വന്യജീവി ശല്യം രൂക്ഷമായ പാലക്കാട് ദ്രുതകര്‍മ്മ സേനയുടെ മുന്ന് യൂണിറ്റുകള്‍ അനുവദിക്കും. ഇതില്‍  ഒരു യൂണിറ്റ് ദ്രുതകര്‍മ്മ സേനയെ അട്ടപ്പാടിയില്‍ വിന്യസിക്കുമെന്ന് മന്ത്രി പറഞ്ഞു. ദ്രുതകര്‍മ്മ സേനയ്ക്ക് മികച്ച ആയുധങ്ങളും സൗകര്യങ്ങളും ലഭ്യമാക്കും.  കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്നത്  തടയാന്‍ സൗരോര്‍ജ്ജ വേലി, ആനമതില്‍, കിടങ്  ഉള്‍പ്പെടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. 500  ആദിവാസി യുവാക്കളെ വനം വകുപ്പില്‍ ജോലിക്ക് എടുക്കുമെന്നും മന്ത്രി പറഞ്ഞു. 
വനാവകാശനിയമപ്രകാരം കാട്ടില്‍ താമസിക്കുന്നവരെ നിയമപരമായ എല്ലാ ഉറപ്പുകളും നല്‍കി സംരക്ഷിക്കും. ഇവരെ അനാവശ്യമായി നിയന്ത്രിക്കുന്നതില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി വിലക്കുകയും ചെയ്തു.  
ഷോളയൂര്‍ ഗവ: ട്രൈബല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരി രേശന്‍ അധ്യക്ഷത വഹിച്ചു.ഷോളയൂര്‍ പ്രസിഡന്‍റ്  രത്തിന രാമമൂര്‍ത്തി,ജില്ലാ പഞ്ചായത്ത് അംഗം സി രാധാകൃഷ്ണന്‍, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എന്‍ രാജന്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റര്‍ പി ബീന, ക്ഷീര സംഗമ കമ്മറ്റി ചെയര്‍മാന്‍ സനോജ് എസ്,  ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, മില്‍മ, ക്ഷീര വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീര സംഘം പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ക്ഷീര കര്‍ഷക സംഗമത്തിന്‍റെ ഭാഗമായി കന്നുകാലി പ്രദര്‍ശനം, പൊതുസമ്മേളനം, ക്ഷീര വികസന സെമിനാര്‍, കര്‍ഷകരെ ആദരിക്കല്‍, പൊതു പ്രദര്‍ശനം, ഡയറി ക്വിസ്, സമ്മാന വിതരണം എന്നിവയും നടന്നു. 
രാജ്യത്തെ മികച്ച പാല്‍ ഉത്പദക സംസ്ഥാനത്തിനുള്ള പുരസ്കാരം കേന്ദ്ര മന്ത്രിയില്‍ നിന്നും സ്വീകരിച്ചത് പരമര്‍ശിച്ച മന്ത്രി ആ പുരസ്കാരം അട്ടപ്പാടിക്ക് സമര്‍പ്പിക്കുന്നതായും പറഞ്ഞു. ചടങ്ങില്‍ ജില്ലയിലെ ക്ഷീര മേഖലയ്ക്ക് വേണ്ടി മന്ത്രിയെ ആദരിച്ചു.

date