Skip to main content

ദുരന്ത നിവാരണസമിതി രൂപവത്ക്കരിച്ച് അകത്തേത്തറ ഗ്രാമപഞ്ചായത്ത്; പരിശീലനത്തില്‍ പങ്കാളിയാവാന്‍ 31 വരെ അപേക്ഷിക്കാം

 

    അടിയന്തരഘട്ടങ്ങളില്‍ അപകടത്തില്‍ പെടുന്നവരെ സഹായിക്കാന്‍  അകത്തേത്തറ ഗ്രാമ പഞ്ചായത്ത് അധികൃതര്‍. 
 'കമ്മ്യൂണിറ്റി റെസ്ക്യൂ വൊളന്‍റിയേഴ്സ്' എന്ന പേരില്‍ പ്രത്യേക ദുരന്തനിവാരണ സേനയെ ഉടന്‍ സജ്ജമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി.സദാശിവന്‍ അറിയിച്ചു.  ഗ്രാമ പഞ്ചായത്ത് നിവാസികളെ ഉള്‍പ്പെടുത്തിയാണ് സേനയെ രൂപപ്പെടുത്തുക.     മഴക്കെടുതി മൂലം ആണ്ടിമഠത്ത് ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കേണ്ടി വന്ന സാഹചര്യത്തിലാണ് ദുരന്തനിവാരണ സേന രൂപവത്ക്കരിക്കാന്‍ തീരുമാനിച്ചത്.  18നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സേനയില്‍ അംഗമാവാം. ആരോഗ്യമുള്ള, സന്നദ്ധ സേവനത്തില്‍ തത്പരരായ 30 പേര്‍ക്കാണ് അവസരം. അവര്‍ക്ക് പരിശീലനം നല്‍കും. സേനാംഗങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്ക്യൂവിലെ സ്കൂബ് ടീമടക്കമുള്ള വിദഗ്ധര്‍ പരിശീലനം നല്‍കും.   ഫ്ളാറ്റുകളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, പാചകവാതക സിലിണ്ടര്‍ അപകടങ്ങള്‍, വീടുകള്‍ക്കോ വാഹനങ്ങള്‍ക്കോ തീപിടിക്കുക, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതെങ്ങനെയെന്നാണ് സേനയെ പരിശീലിപ്പിക്കും. നീന്തല്‍, പ്രഥമ ശുശ്രൂഷ, തുടങ്ങിയവയും പരിശീലനത്തിന്‍റെ ഭാഗമാണ്. അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യും.
പരിശീലനത്തിനു മുന്നോടിയായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി.സദാശിവന്‍ ചെയര്‍മാനായി പഞ്ചായത്ത്തല ദുരന്ത നിവാരണസമിതിയുടെ കീഴിലാണ് സേന പ്രവര്‍ത്തിക്കുക. പഞ്ചായത്ത് സെക്രട്ടറി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്തംഗങ്ങള്‍, പോലീസ്, കൃഷി, മൃഗസംരക്ഷണം, ഐ.സി.ഡി.എസ്, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങി മുഴുവന്‍ വകുപ്പുകളിലേയും നിര്‍വഹണ ഉദ്യോഗസ്ഥര്‍ സമിതിയിലെ അംഗങ്ങളാണ്. സമിതിയുടെ നേത്യത്വത്തിലായിരിക്കും ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സേനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി നല്‍കാനും സമിതി തീരുമാനിച്ചു. ദുരന്തനിവാരണ സേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ പഞ്ചായത്ത് ഓഫീസില്‍ ജൂലൈ 31നകം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി ജി തുളസീധരന്‍ അറിയിച്ചു.

date