Skip to main content

കുപ്പാടിക്ക് ഇനി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്  നിര്‍മ്മിതി കേന്ദ്രയ്ക്കും അഭിമാന നേട്ടം 

 

 ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ നിര്‍മ്മാണ വൈദഗ്ധ്യത്തില്‍  സ്മാര്‍ട്ടായി കുപ്പാടി വില്ലേജ് ഓഫിസിന്റെ പുതിയ കെട്ടിടം പൂര്‍ത്തിയായി.  സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന് എതിര്‍വശത്തായി നിര്‍മ്മിച്ച കെട്ടിടം പൂര്‍ണ്ണമായും  പൊതുജന സൗഹൃദമാണ്. പ്രവേശന കവാടം കടന്ന് എത്തുന്നത് 4500 അടി വിസ്തൃതിയില്‍ കല്ല് പാകിയ വിശാലമായ പാര്‍ക്കിംഗ് സൗകര്യമുളള വലിയ മുറ്റത്തേക്കാണ്. ശാരീരിക അവശത നേരിടുന്നവര്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും പ്രധാന കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ റാമ്പ് സൗകര്യവും ഇവിടെ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. പ്രധാന കെട്ടിടത്തിനുള്ളില്‍ സാധാരണ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വ്യത്യസ്തമായാണ് മുറികള്‍ ഒരുക്കിയിരിക്കുന്നത്. കോര്‍പ്പറേറ്റ് ഓഫീസുകളുടെ മട്ടും ഭാവത്തിലുമാണ് ഓഫീസ് തയ്യാറാക്കിയിരിക്കുന്നത്. വിവിധ സേവനങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്നവര്‍ക്ക് ആധുനിക ഇരിപ്പിടങ്ങളും കുടിവെളള സൗകര്യവുമുളള വിശാലമായ സന്ദര്‍ശക മുറി പുതിയൊരു അനുഭവമാകും. ഇവിടെതന്നെയാണ് സഹായക കേന്ദ്രവും പ്രവര്‍ത്തിക്കുക. ജീവനക്കാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ക്യാബിനുകളില്‍ ഫര്‍ണീച്ചറുകളും കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റെക്കാര്‍ഡ് റൂം, ഡൈനിംഗ് റൂം, ടോയിലറ്റ് എന്നിവയും ഓഫീസ് കെട്ടിടത്തിലുണ്ട്.  സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി വെവ്വേറെ ടോയിലറ്റുകളും കെട്ടിടത്തിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 36,89,350 രൂപ ചെലവഴിച്ചാണ് കുപ്പാടി സമാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടമായ ചെറുകാട്ടൂര്‍ വില്ലേജ് ഓഫീസും ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് ഏറ്റെടുത്ത് നിര്‍മ്മിച്ചിരുന്നത്.
 

date