Skip to main content
കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കേരള വിക്ടിം കോംപന്‍സേഷന്‍ സ്കീമിനെ കുറിച്ചുള്ള ബോധവത്കരണ പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജഡ്ജ് കെ.പി. ഇന്ദിര നിര്‍വഹിക്കുന്നു

കേരള വിക്ടിം കോംപന്‍സേഷന്‍ പദ്ധതി ബോധവത്കരണത്തിന്‍റെ ജില്ലാതല പ്രചാരണം ആരംഭിച്ചു

 
കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കേരള വിക്ടിം കോംപന്‍സേഷന്‍ സ്കീമിനെ കുറിച്ചുള്ള ബോധവത്കരണ പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജഡ്ജ് കെ.പി. ഇന്ദിര നിര്‍വഹിച്ചു. എല്ലാവര്‍ക്കും നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ചെയര്‍പേഴ്സണ്‍ കൂടിയായ കെ.പി. ഇന്ദിര പറഞ്ഞു. ക്രിമിനലുകളെ ശിക്ഷിക്കുകയെന്നതിനപ്പുറം ഇരയാക്കപ്പെട്ടവര്‍ക്ക് കൂടി സഹായമാക്കുന്ന രീതിയിലേക്ക് നിയമത്തില്‍ വന്ന മാറ്റത്തിന്‍റെ ഭാഗം കൂടിയാണ് ഈ പദ്ധതിയെന്നും അവര്‍ കൂട്ടിചേര്‍ത്തു.
പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള വിക്ടിം കോംപന്‍സേഷന്‍ പദ്ധതിയെക്കുറിച്ച് അഡ്വ. ഗിരീഷ്. കെ. നെച്ചുളി, ജില്ലാ പ്രൊട്ടക്ഷന്‍ യൂനിറ്റ് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ അപര്‍ണ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സഹായം ലഭിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം ലഭിക്കുന്ന 22 ഇന പരിക്കുകളെ കുറിച്ചും അഡ്വ. ഗിരീഷ് കെ. നെച്ചുളി സംസാരിച്ചു. നീതി, ഇരകളുടെ പുനരധിവാസം, ഇവര്‍ക്ക് വേണ്ട സഹായം, നഷ്ടപരിഹാരം എന്നിവയാണ് ഇരകള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെന്നും ഇവ ഉറപ്പുവരുത്തണമെന്നും അപര്‍ണ നാരായണന്‍ പറഞ്ഞു. 
കുറ്റകൃത്യങ്ങളെ അതിജീവിച്ചവര്‍ക്കും കുറ്റകൃത്യങ്ങളിലകപ്പെട്ട് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുമുള്ള കേരള സര്‍ക്കാരിന്‍റെ നഷ്ടപരിഹാര പദ്ധതിയാണ് കേരള വിക്ടിം കോംപന്‍സേഷന്‍ സ്ക്രീം. പദ്ധതി സംബന്ധിച്ച് സാധാരണക്കാരില്‍ അവബോധമുണ്ടാക്കാന്‍ പാരാ ലീഗല്‍ വൊളന്‍റിയേഴ്സ് ഗൃഹ സന്ദര്‍ശനം വഴി നോട്ടീസ് വിതരണം ചെയ്യും. നിര്‍ഭയ ഷെല്‍റ്റര്‍ ഹോം തുടങ്ങിയ ഇടങ്ങളില്‍ ജില്ലാ ജഡ്ജിന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശനവും നടക്കും. 
കേരള വിക്ടിം കോംപന്‍സേഷന്‍ സ്കീം കുടൂതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി താലൂക്ക് തലത്തിലും പ്രചാരണം സംഘടിപ്പിക്കും. ജൂലൈ 25ന് ഒറ്റപ്പാലം, ആലത്തൂരില്‍ 27നും ചിറ്റൂരില്‍ 28നുമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് നടന്ന കുറ്റകൃത്യങ്ങളില്‍പ്പെട്ട ഇരകള്‍ക്കും ഇരകളുടെ ആശ്രിതര്‍ക്കുമാണ് പദ്ധതി പ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളത്. അടിയന്തര ചികിത്സാ ചെലവിനും പദ്ധതിയിലൂടെ സഹായം ലഭിക്കും. ജുഡീഷല്‍ മജിസ്ട്രേറ്റിന്‍റെയോ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെയോ പൊലീസ് സ്റ്റേഷന്‍റെ ചുമതല വഹിക്കുന്ന പൊലീസ് ഓഫീസറുടേയോ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് ചികിത്സാ ചെലവുകള്‍ ലഭിക്കുക. 
ഇരകള്‍ പ്രായപൂര്‍ത്തിയാവാത്തവരാണെങ്കില്‍ നഷ്ടപരിഹാര തുകയുടെ 50 ശതമാനം തുക കൂടുതല്‍ ലഭിക്കും. 2014ല്‍ തുടങ്ങിയ പദ്ധതി 2017ല്‍ ഭേദഗതി ചെയ്താണ് ഇരകള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നത്. ഇരയുടെ കുടുംബത്തിന്‍റെ സാമ്പത്തിക പശ്ചാത്തലം കൂടി നോക്കിയാണ് നല്‍കേണ്ട തുക നിശ്ചയിക്കുന്നത്.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും പാലക്കാട് താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എം. തുഷാര്‍ അധ്യക്ഷനായി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ. ആനന്ദന്‍, പാലക്കാട് ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രോജക്ട് അസിസ്റ്റന്‍റ് കെ. ശ്രുതി, പാരാ ലീഗല്‍ വൊളന്‍റിയര്‍ പേരൂര്‍.പി. രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, ചൈല്‍ഡ് ലൈന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കാളികളായി.

date