Skip to main content

സ്പന്ദനം പദ്ധതി:  കൈത്താങ്ങായത് 63,000ത്തിലധികം കുട്ടികള്‍ക്ക്

 

കോഴിക്കോട് ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി രൂപം നല്‍കിയിരിക്കുന്ന നൂതന ചികിത്സ പദ്ധതിയാണ് സ്പന്ദനം. കുട്ടികളിലെ പഠന, പെരുമാറ്റ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വ്വേദ ചികിത്സയോ  പരിശീലനമോ നല്‍കി പരിഹാരം കണ്ടെത്തുന്ന ഈ പദ്ധതി ആവിഷ്‌കരിച്ചതും മുന്നോട്ടു നയിക്കുന്നതും ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ്. ആഗസ്റ്റില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവിലേക്ക് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച 12 പദ്ധതികളില്‍ ഒന്നൂകൂടിയാണ്്  സ്പന്ദനം. 
കുട്ടികളിലെ അസുഖങ്ങള്‍ക്ക് ആയുര്‍വ്വേദത്തില്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും പഠന പെരുമാറ്റ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ളവക്ക് പ്രത്യേക ചികിത്സകളൊന്നും പ്രായോഗികമായി നടപ്പിലാക്കിയിരുന്നില്ല. അഞ്ച് വര്‍ഷത്തിനിടെ 63745 കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്താന്‍ സ്പന്ദനത്തിനു സാധിച്ചു.
ആയുര്‍വ്വേദ ചികിത്സയുടെ സാധ്യതയോടൊപ്പം അനുബന്ധ തെറാപ്പികളായ സൈക്കോളജി, ഒക്യുപേഷനല്‍ തെറാപ്പി, ക്ലിനിക്കല്‍ യോഗ, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ലേണിംഗ് അസ•െന്റ് ആന്റ് റെമഡിയല്‍ ട്രെയ്‌നിംഗ് തുടങ്ങിയവ  സമന്വയിപ്പിച്ചു കൊണ്ട് ഗുണപ്രദമാക്കുന്നു എന്നതാണ് സ്പന്ദനം പദ്ധതിയുടെ പ്രത്യേകത.  ഓരോ കുട്ടിയുടെയും പ്രശ്‌നങ്ങളെ വ്യക്തിനിഷ്ഠമായി വിശകലനം ചെയ്ത് അവരിലെ ജീവശാസ്ത്രപരവും  മനശ്ശാസ്ത്രപരവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങളെ അതത് തലങ്ങളില്‍ അപഗ്രഥിച്ച ശേഷം, ആയുര്‍വ്വേദ ചികിത്സയോടൊപ്പം തെറാപ്പികള്‍ കൂടി നല്‍കും. 
2013 ല്‍ ആരംഭിച്ച ഈ പദ്ധതി എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ നടപ്പിലാക്കി കഴിഞ്ഞു. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചു കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് സ്പന്ദനത്തിന്റെ ലക്ഷ്യം. അറുപത് ലക്ഷം രൂപയാണ് കഴിഞ്ഞവര്‍ഷം ജില്ലാ പഞ്ചായത്ത് സ്പന്ദനം പദ്ധതിക്ക് വകയിരുത്തിയത്. സ്പന്ദനം പദ്ധതിയുടെ വെബ്‌സൈറ്റ് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററാണ് വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തത്. പുറക്കാട്ടേരി എ.സി ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്റ് അഡോളസന്റ് കെയര്‍ സെന്ററില്‍ ഔട്ട് പേഷ്യന്റ് ഇന്‍ പേഷ്യന്റ് ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫോണ്‍ : 0495 2555550, 9497502641. 

date