Skip to main content

വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍  80 കേസുകള്‍ പരിഗണിച്ചു

    സംസ്ഥാന വനിതാ കമ്മിഷന്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച നടത്തിയ മെഗാ അദാലത്തില്‍ 80 കേസുകള്‍ പരിഗണിച്ചു. 23 കേസുകള്‍ തീര്‍പ്പാക്കി. ആറ് കേസുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 23 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഇരുകൂട്ടരും ഹാജരാകാത്ത 28 കേസുകള്‍ മാറ്റിവെച്ചു. മുന്‍കൂട്ടി വിവരം നല്‍കാത്ത പരാതിക്കാര്‍ ഹാജരാകാത്ത കേസുകള്‍ കൂടുന്നത് കമ്മിഷന്‍ ഗൗരവമായി കാണും. കുടുംബ ശൈഥില്യം വര്‍ധിക്കുന്നതായാണ് കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ വ്യക്തമാകുന്നതെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു. 
വിട്ടുവീഴ്ചയില്ലാത്ത മനോഭാവം കുടുംബബന്ധങ്ങളെ തകര്‍ക്കുകയാണ്. എണ്‍പതും 90 വയസ്സുളള അമ്മമാരെ സ്വത്തിനുവേണ്ടി കമ്മീഷനു മുന്നില്‍ ഹാജരാക്കേണ്ടിവരുന്നത് ദയനീയമാണ്. എല്ലാ ജില്ലകളിലും കമ്മീഷന്റെ സിറ്റിംഗുകളില്‍ സ്വത്തുകേസുകളില്‍ വൃദ്ധജനങ്ങളെ കൊണ്ടുവരുന്നത്  വര്‍ധിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് അധ്യാപികമാരുടെ പരാതികളും വര്‍ദ്ധിച്ചുവരുന്നുണ്ട്. തൊഴിലിടങ്ങളിലെ പരാതികള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി രൂപികരിക്കുന്നത് നിര്‍ബന്ധമാക്കാന്‍ തൊഴില്‍ വകുപ്പിനും സംസ്ഥാന സര്‍ക്കാറിനും നിര്‍ദ്ദേശം നല്‍കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷംഗങ്ങളായ ഇ.എം. രാധ എം.എസ് താര എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
അദാലത്തില്‍  അദ്യ ദിനം 45 പരാതികള്‍ പരിഗണിച്ചതില്‍ 20 എണ്ണത്തില്‍ തീര്‍പ്പായിരുന്നു. 10 കേസുകളില്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടുകയും 15 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റുകയും ചെയ്തു. 
 

date