Skip to main content

കുട്ടനാട് പാക്കേജ് പോലുള്ള വികസന പദ്ധതികളിൽ പട്ടികജാതിക്കാർക്കും പരിഗണന വേണം-നിയമസഭ സമിതി

ആലപ്പുഴ:  ജില്ലയ്ക്ക് തനതായുള്ള കുട്ടനാട് പാക്കേജ് പോലുള്ള വികസന പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ പട്ടികജാതി  വിഭാഗങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്ന് പട്ടികജാതി-പട്ടികവർഗക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭ സമിതി. കളക്ടറേറ്റിൽ കോൺഫറൻസ് ഹാളിൽ നടത്തിയ സമിതിയുടെ മൊഴിയെടുപ്പിലാണ് ഇതു സംബന്ധിച്ച് നിരീക്ഷണം നടത്തിയത്. ബി.സത്യൻ എം.എൽ.എ ചെയർമാനായ സമിതി യോഗത്തിൽ എം.എൽ.എമാരായ ആർ.രാജേഷ്, യു.ആർ. പ്രദീപ്, പുരുഷൻ കടലുണ്ടി, വി.പി. സജീന്ദ്രൻ, സി.കെ. ആശ എന്നിവർ പങ്കെടുത്തു. 

പദ്ധതികളിൽ കൃഷി അനുബന്ധ വിഷയങ്ങൾക്ക് പുറമേയുള്ള പട്ടികജാതിക്കാരുടെ  അടിസ്ഥാന വിഷയങ്ങൾ കൂടി പരിഗണിക്കപ്പെടണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളും ആസൂത്രണബോർഡും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സമിതി അഭിപ്രായപ്പെട്ടു. പട്ടികജാതിക്കാർക്കെതിരെയുള്ള കേസുകളിൽ സമയബന്ധിതമായ തീർപ്പ് കൽപ്പിക്കണം. പട്ടികവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമം അനുസരിച്ചുള്ള കേസുകളാണ് ഇത്തരം പരാതികളിൽ എടുക്കേണ്ടതെന്നും നീതിസമയത്ത് ലഭ്യമാക്കേണ്ടതുണ്ടെന്നും പൊലീസിന് നിർദ്ദേശം നൽകി. 

ജില്ലയിലെ പട്ടികജാതിക്കാർക്കെതിരായ കേസുകളുടെ തീർപ്പാക്കൽ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുന്ന ജില്ലാതല വിജിലൻസ് ആൻഡ് മോണിട്ടറിങ് കമ്മറ്റി കുറേക്കൂടി ഗൗരവത്തോടെ കൂടണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും ജില്ല കളക്ടർക്ക് സമിതി നിർദ്ദേശം നൽകി. പട്ടികജാതിക്കാർക്കായുള്ള ക്ഷേമപദ്ധതികളിൽ കാലതാമസം വരുത്തരുത്. സമിതിക്ക് മുമ്പാകെ വരുന്ന ജില്ലയിലെ വിഷയങ്ങളിൽ സമയബന്ധിതമായി നടപടി എടുത്ത് സമിതിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തരുതെന്ന് സമിതി കർശന നിർദ്ദേശം നൽകി.

ജില്ലാതല വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മറ്റിയംഗങ്ങൾക്ക് യാത്രബത്തയും തിരിച്ചറിയൽ കാർഡും നൽകാൻ സമിതി ശുപാർശ ചെയ്യും. പട്ടികജാതി കമ്മീഷന് കൂറേക്കൂടി അധികാരങ്ങൾ നൽകി ശക്തിപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് സമിതി ചെയർമാൻ  പറഞ്ഞു. നേരത്തെ കമ്മറ്റിയുടെ പരിഗണനയിലിരുന്ന കേസുകളും പുതുതായി സീറ്റിങിൽ വന്ന 12 കേസുകളും സമിതി വിശദമായി പരിഗണിച്ചു. സമിതി യോഗത്തിൽ ജില്ല കളക്ടർ എസ്. സുഹാസ് സ്വാഗതം പറഞ്ഞു.

(പി.എൻ.എ. 2012/2018)

 

date