Skip to main content

ഉന്നത പഠനാന്തരീക്ഷം: ആദിവാസി കോളനികളില്‍ സര്‍വ്വേ നടത്തി

 

ജില്ലയിലെ ആദിവാസി സങ്കേതങ്ങളില്‍ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി എസ്.എസ്.എയുടെ ആഭിമുഖ്യത്തില്‍ ആദിവാസി കോളനികളില്‍ ഏകദിന സമഗ്രസര്‍വ്വേ നടത്തി. കോളനികളില്‍ സ്‌കൂള്‍ പ്രവേശനം നേടാത്തവരെയും പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചവരെയും കണ്ടെത്തുന്നതിനും തുടര്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുമായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വേ നടത്തിയത്.
ജില്ലയില്‍ 243 ആദിവാസി കോളനികളാണുള്ളത്. ഇവിടങ്ങളിലെല്ലാം ഇന്നലെ സര്‍വ്വേ നടന്നു. എസ്.എസ്.എ, ഐ.ടി.ഡി.പി പ്രമോട്ടര്‍മാര്‍, എം.ജി.എല്‍.സി വളണ്ടിയര്‍മാര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സന്നദ്ധ സേവകര്‍ തുടങ്ങി വിവിധ മേഖലയില്‍ നിന്നുള്ളവര്‍ ഉള്‍ക്കൊള്ളുന്ന 110 സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു സര്‍വ്വേ. നിലമ്പൂര്‍ മേഖലയിലെ 10 ഗ്രാമപഞ്ചായത്തുകള്‍ക്കു പുറമെ അരീക്കോട്, വണ്ടൂര്‍, വേങ്ങര പെരിന്തല്‍മണ്ണ, മങ്കട ബി.ആര്‍.സികളിലാണ് ആദിവാസി സങ്കേതങ്ങളുള്ളത്.
ആദിവാസി വിദ്യാഭ്യാസ പ്രോല്‍സാഹന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം നിലമ്പൂരിലുള്‍പ്പെടെ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തു രണ്ടു ശിശു സൗഹൃദ ഹോസ്റ്റലുകള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം ഇവിടെ 30 കുട്ടികളാണുണ്ടായിരുന്നത്. ഈ വര്‍ഷം 50 ആയി ഉയര്‍ന്നു. നാലു മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തവരും പഠനം പാതി വഴിയില്‍ മുടങ്ങിയവരുടെയും എണ്ണത്തില്‍ വര്‍ധന വന്നതോടെയാണ് പുതിയ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത്. ഇന്നലെ നടന്ന സര്‍വ്വേയുടെ ക്രോഡീകരണത്തിനായി ഇന്ന് എല്ലാ പഞ്ചായത്തുകളിലും ക്ലസ്റ്റര്‍ കേഓഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും. ഈ മാസം 31 നകം ജില്ലാ തലത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി അടുത്ത ഘട്ടത്തിലേക്കു കടക്കും.

 

date