Skip to main content

മഴക്കാലശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി അയ്മനം

 

പകര്‍ച്ചവ്യാധികള്‍ തടയാന്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അയ്മനം ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിക്കുന്നു. മഴശക്തി പ്രാപിച്ചതോടെ അയ്മനം വെള്ളപൊക്കത്തില്‍ മുങ്ങിയിരുന്നു. കുന്നു കൂടിയ മാലിന്യം ശുദ്ധജലസ്രോതസുകളില്‍ കെട്ടികിടക്കുന്ന അവസ്ഥയാണിപ്പോള്‍. പ്രദേശവാസികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉള്ള നടപടികള്‍ക്കാണ് കൂട്ടായ ശുചീകരണ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യം വെക്കുന്നത്്. മഴക്കെടുതിയില്‍ വെള്ളം കയറിയ വാര്‍ഡുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, മറ്റ് പൊതു ഇടങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. പഞ്ചായത്തിലെ ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റി, കുടുംബശ്രീ അംഗങ്ങള്‍, പഞ്ചായത്തിലെ ആശാ പ്രവര്‍ത്തകര്‍, വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൂടാതെ മാലിന്യ നിര്‍മാര്‍ജനത്തിനായി പഞ്ചായത്ത് നടപ്പാക്കി വരുന്ന ശുചിത്വഗ്രാമം ക്ലീന്‍ അയ്മനം പദ്ധതിയുടെ ഭാഗമായി 20 വാര്‍ഡുകളിലായി സ്ഥാപിച്ച പ്ലാസ്റ്റിക്ക് ശേഖരണബിന്നുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചന്‍ പറഞ്ഞു.

(കെ.ഐ.ഒ.പി.ആര്‍-1595/18)

 

date