Skip to main content

വെള്ളപ്പൊക്കം: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കോട്ടയം നഗരസഭ

 

വെള്ളമിറങ്ങിയതോടെ രൂക്ഷമായ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കോട്ടയം നഗരസഭ ഊര്‍ജിത നടപടികള്‍ ആരംഭിച്ചു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. നഗരസഭയ്ക്ക് കീഴിലുള്ള അഞ്ച് സോണുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ജോലികള്‍ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നേതൃത്വം നല്‍കും. വെള്ളം കയറ ിഇറങ്ങിയ പ്രദേശങ്ങളില്‍ വിതറുവാന്‍ ആറായിരം കിലോയോളം കുമ്മായം വിതരണം ചെയ്തു കഴിഞ്ഞു. വെള്ളപ്പൊക്കത്താല്‍ മൂടിയ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ 1500 കിലോ ബ്ലീച്ചിംഗ് പൗഡറും അഞ്ച് സോണുകളിലും എത്തിച്ചു. 25,000 ത്തോളം കിണറുകള്‍ വൃത്തിയാക്കാനാണ ്ആരോഗ്യവിഭാഗം ലക്ഷ്യമിടുന്നത്.

150 ഓളം ശുചീകരണതൊഴിലാളികളാണ് നഗരസഭയില്‍ ഉള്ളത്. ദുരിതാശ്വാസ ക്യാമ്പ് നടന്ന സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഈ തൊഴിലാളികളെ നഗരസഭ വിന്യസിപ്പിക്കും. മാലിന്യങ്ങള്‍ ശേഖരിക്കുന്ന സ്ഥലങ്ങളില്‍ തന്നെ ഇവ നിര്‍മാര്‍ജനം ചെയ്യാനാണ് ഉദ്ദേശ്യം.

വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് ശുചിത്വ സമിതി രൂപീകരിച്ചിട്ടുണ്ട്. അതാത് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ചെയര്‍മാനായ സമിതിക്ക് നടപ്പ് സാമ്പത്തിക വര്‍ഷം അമ്പതിനായിരം രൂപ നീക്കി വെച്ചിട്ടുണ്ട്. ഇതോടൊപ്പം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, എന്‍.ആര്‍.എച്ച്.എം, ശുചിത്വ മിഷന്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെയും വെള്ളം കയറിയ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ നീക്കത്തിനുമായി ആവശ്യമെങ്കില്‍ ഉപയോഗിക്കും

(കെ.ഐ.ഒ.പി.ആര്‍-1597/18)

date