Skip to main content

വെള്ളക്കെട്ട് പരിഹരിക്കാന്‍ വൈക്കപ്രയാറില്‍ കുഴലുകള്‍ സ്ഥാപിച്ചു

 

കാലവര്‍ഷക്കെടുതിയില്‍ വൈക്കം താലൂക്കിലെ ഉദയനാപുരം പഞ്ചായത്തിലെ വൈക്കപ്രയാര്‍ മേഖലയിലെ ആറാംവാര്‍ഡ് വെള്ളത്തില്‍ മുങ്ങിക്കിടന്നത് 19 ദിവസമാണ്. വടയാര്‍ തോട്ടാറമിറ്റം റോഡിലെ മൈലാടും തുരുത്തിനു സമീപമുള്ള തോട്ടിലേക്ക് മൂവാറ്റുപുഴ ആറില്‍ നിന്നുള്ള മലവെള്ളം കുത്തിയൊഴുകുന്നതാണ് വൈക്കപ്രയാറിലെ ആറാംവാര്‍ഡിനെ വെള്ളക്കെട്ടിലാക്കിയത്. കാലവര്‍ഷം കടുത്തതും ദിനംപ്രതി മഴ തുടര്‍ന്നതും മേഖലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചെങ്കിലും പ്രദേശവാസികള്‍ നേരിട്ട് രംഗത്തെത്തിയതോടെ വെള്ളക്കെട്ടിനു താല്‍ക്കാലിക പരിഹാരമായതായി പ്രദേശവാസിയായ അനൂപ് വൈക്കപ്രയാര്‍ പറഞ്ഞു. മഴ കനത്തതോടെ പ്രദേശത്തെ വീടുകളില്‍ വെള്ളക്കെട്ടു പതിവായിരുന്നു. പരിഹാരമായി പ്രദേശവാസികള്‍ പിരിവെടുത്ത് കണ്ണം പുഞ്ച മുട്ടും, കളപ്പുരത്തട്ട് മുട്ടും, മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ച് വലിയ കുഴലുകള്‍സ്ഥാപിച്ചു. മഴ ശമിക്കുന്ന മുറയ്ക്ക് റോഡിന് ഇരുവശത്തുമുണ്ടായിരുന്ന അടഞ്ഞു പോയ ചാലുകളും പരിസരത്തെ തോടുകളും പുന:സ്ഥാപിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. മഴവെള്ളം കെട്ടിക്കിടന്ന് പരിസരത്ത് രോഗങ്ങള്‍ പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയതെന്നു നാട്ടുകാര്‍ വ്യക്തമാക്കി. ആറാം വാര്‍ഡ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ദിവാകരന്‍ മാഷും പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നു. മേഖലയില്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്.

(കെ.ഐ.ഒ.പി.ആര്‍-1600/18)

 

date