Skip to main content

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകള്‍ക്കും ലോഡ്‌ജുകള്‍ക്കുമെതിരെ കര്‍ശന നടപടി

വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോംസ്‌റേറ, ലോഡ്‌ജുകള്‍, എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി അടിമാലി ഗ്രാമപഞ്ചായത്ത്‌. നിലവില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ ജൂലൈ 31 നകം ലൈസന്‍സ്‌ എടുക്കണം. ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ തീരുമാനം. 31 നകം നടപടിക്രമങ്ങളും രേഖകളും സമര്‍പ്പിച്ച്‌ ലൈസന്‍സ്‌ എടുക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കുമെന്ന്‌ പഞ്ചായത്ത്‌ ഭരണസമിതി അറിയിച്ചു. പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി അന്യ സംസ്ഥാനതൊഴിലാളികള്‍ക്ക്‌ താമസസൗകര്യങ്ങള്‍ നല്‍കിയിട്ടുള്ള കെട്ടിട ഉടമകള്‍ക്കും ലൈസന്‍സ്‌ നിര്‍ബന്ധമാക്കി.
നീലക്കുറിഞ്ഞി സീസണോടനുബന്ധിച്ച്‌ ഗതാഗത പരിഷ്‌കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ദേശീയപാത 85 ല്‍ റോഡുകളുടെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ ജൂലൈ 25 നകം നീക്കം ചെയ്യാനും നിര്‍ദ്ദേശമുണ്ട്‌. കാഴ്‌ചമറക്കുന്ന രീതിയില്‍ അപകട സാധ്യതകള്‍ ഉയര്‍ത്തി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകളാണ്‌ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. നേര്യമംഗലം മുതല്‍ കൂമ്പന്‍പാറവരെയുള്ള ഭാഗങ്ങളില്‍ അനധികൃതമായി പാതയോരങ്ങള്‍ കയ്യേറിയുള്ള നടത്തിയിട്ടുള്ള കൃഷി, കെട്ടിട നിര്‍മ്മാണം, സാധന സാമഗ്രികളുടെ സൂക്ഷിപ്പ്‌ മുതലായവക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. നേര്യമംഗലം മുതല്‍ അടിമാലിവരെയുള്ള ഭാഗങ്ങളിലെ വനംമേഖലയില്‍ വന്‍തോതില്‍ മാലിന്യ നിക്ഷേപം നടത്തുന്നത്‌ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വനമേഖലയില്‍ മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ പിഴയീടക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി കെ എന്‍ സഹജന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനുശേഷം കാറ്ററിംഗ്‌ സംഘം വാളറ വനമേഖലയില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നു. തുടര്‍ന്ന വനംവകുപ്പ്‌ ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത്‌ പ്രതിനിധികളും നേരിട്ടെത്തി കാറ്ററിംഗ്‌ സംഘത്തെകൊണ്ടുതന്നെ മാലിന്യങ്ങള്‍ തിരികെയെടുപ്പിക്കുകയും 2000 രൂപ പിഴയീടക്കുകയും ചെയ്‌തു. കുറിഞ്ഞി സീസണോടനുബന്ധിച്ച്‌ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങള്‍മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ്‌ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക.

date