Skip to main content

ശുചിത്വ ഗ്രാമം-ശുചിത്വ ജില്ല: സ്വച്ഛ്സര്‍വേഷന്‍ ഗ്രാമീണ്‍ 2018 ന് ജില്ലയില്‍ തുടക്കം

കേന്ദ്ര ശുചിത്വ കുടിവെളള മന്ത്രാലയം സ്വച്ഛ്സര്‍വേഷന്‍ ഗ്രാമീണ്‍ 2018 ന്റെ ജില്ലാതല ഉദ്ഘാടനം പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍വഹിച്ചു. പൊതുഇടങ്ങളെ ശുചീകരിക്കുന്നത് അവനവന്റെ  ഉത്തരവാദിത്തമായി കാണണമെന്നും ഈ ദൗത്യത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 
എല്ലാ ഗ്രാമങ്ങളിലെയും സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ചന്തകള്‍, പഞ്ചായത്തുകള്‍ മുതലായ പൊതു ഇടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛഭാരത് മിഷന്‍ പദ്ധതി മെച്ചപ്പെട്ടുത്തുന്നതില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെയുളള മത്സരാധിഷ്ഠിതമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഗ്രാമങ്ങളെ ഗ്രേഡ് ചെയ്യുന്ന ജില്ലാതല സര്‍വ്വേയാണ് സ്വച്ഛ്സര്‍വേഷന്‍ ഗ്രാമീണ്‍ 2018. 
മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും സ്വച്ഛ്സര്‍വേഷന്‍ ഗ്രാമീണ്‍ ഒക്‌ടോബര്‍ രണ്ടിന് അവാര്‍ഡ് നല്‍കും. ടോയ്ലറ്റുകളുടെ ലഭ്യത, ടോയ്ലറ്റുകളുടെ ഉപയോഗം, ടോയ്ലറ്റുകളുടെ വൃത്തി, പൊതുഇടങ്ങളില്‍ മാലിന്യം  വലിച്ചെറിയല്‍ സ്ഥിതി, പൊതു ഇടങ്ങളില്‍ വെളളം കെട്ടി നില്‍ക്കുന്ന അവസ്ഥ എന്നിവയാണ് വിലയിരുത്തല്‍ മാനദണ്ഡങ്ങള്‍. ജില്ലയില്‍ ഈ മാസം നാല്, അഞ്ച് തിയ്യതികളില്‍ കോളേജ് വിദ്യാര്‍ത്ഥികളും പഞ്ചായത്തും പൊതുജനങ്ങളും സംയുക്തമായി പൊതു ഇടങ്ങള്‍ ശുചീകരിക്കും.
ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കബനി, ഹരിതമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശന്‍, തദ്ദേശസ്വയം ഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    

date