Skip to main content

ചലച്ചിത്ര അവാര്‍ഡ് വിതരണം: സാംസ്‌കാരികമന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുന്ന നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഒരുക്കങ്ങള്‍ സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ വിലയിരുത്തി. 

മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തു അവാര്‍ഡുകള്‍ സമ്മാനിക്കുന്നതെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

മോഹന്‍ലാല്‍ മുഖ്യാതിഥിയാകും. ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഇത്തവണ നല്‍കുന്ന പ്രമുഖ സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയ്ക്കാണ്. കഴിഞ്ഞ തവണ വരെ ഒരു ലക്ഷമായിരുന്ന ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന്റെ അവാര്‍ഡ് തുക ഇത്തവണ അഞ്ചുലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ യഥാക്രമം പാലക്കാടും തലശ്ശേരിയിലും നടന്ന അവാര്‍ഡ് വിതരണ ചടങ്ങുകളില്‍ വന്‍ ജനപ്രവാഹമായിരുന്നതിനാല്‍ ഇത്തവണ നിശാഗന്ധിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. നാലരയോടെ തന്നെ പാസുള്ളവരെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കും. 

അവാര്‍ഡ് ജേതാക്കളായ ശ്രീകുമാരന്‍ തമ്പിയും എം.കെ. അര്‍ജുനന്‍ മാഷും രൂപം കൊടുത്ത ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സാംസ്‌കാരിക പരിപാടിയാണ് ഇത്തവണത്തെ അവാര്‍ഡ് വിതരണ ചടങ്ങിന്റെ പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ സുഭാഷ് ടി.വി, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, അക്കാദമിയിലെ മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

പി.എന്‍.എക്‌സ്.3474/18

date