Skip to main content

ആര്‍.എം.പി കനാല്‍ നവീകരണം: മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും

 

വൈപ്പിനും പുതുവൈപ്പിനും ഇടയ്ക്കുള്ള ആര്‍.എം.പി കനാല്‍ നവീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ആദ്യഘട്ടമായി  നാശോന്‍മുഖമായ കനാല്‍ ആഴം കൂട്ടി പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കും. പത്തര കിലോമീറ്ററോളം ദൂരമുള്ള കനാലില്‍ ഒന്‍പതര കിലോമീറ്ററോളം ആഴം വര്‍ധിപ്പിക്കേണ്ടിവരും. ബെല്‍ബോ പാലവും പുതുക്കി പണിയേണ്ടിവരും. 45 മീറ്റര്‍ നീളവും നാലു മീറ്റര്‍ വീതിയുമുള്ള കനാലില്‍ കണ്ടല്‍കയറിയും മണ്ണടിഞ്ഞുകൂടിയും ആറുകീലോമീറ്ററിലേറെ നാശോന്‍മുഖമാണ്. ഇതുമൂലം ഒഴുക്ക് നിലച്ച് മഴക്കാലത്ത് സമീപമേഖലകളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്.  മേഖലയിലെ പൊക്കാളി, മത്‌സ്യകൃഷി തുടങ്ങിയവയ്ക്കും നാശമുണ്ടാകുന്നുണ്ട്. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം രണ്ടാംഘട്ടം വിപുലമായ നവീകരണം നടത്തുമ്പോള്‍ കനാലിന്റെയും മേഖലയിലെയും ടൂറിസം സാധ്യതകള്‍ ഉള്‍പ്പെടെ പരിഗണിക്കും.

മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി എസ്. ശര്‍മ എം.എല്‍.എ അധ്യക്ഷനായി ഗ്രാമപഞ്ചായത്ത്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ജനകീയ കമ്മിറ്റിയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയര്‍ ചെയര്‍മാനായും കളക്ടര്‍ കണ്‍വീനറായും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ടെക്‌നിക്കല്‍ കമ്മിറ്റിയും രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ എസ്.ശര്‍മ എം.എല്‍.എ, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയര്‍ പി.കെ. അനില്‍കുമാര്‍, വിവിധ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.3488/18

date