Skip to main content

അപൂര്‍വ താളിയോല രാമായണങ്ങളുടെ പ്രദര്‍ശനം തുടങ്ങി

 

* മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു, പ്രദര്‍ശനം 16 വരെ

1790 ലെ വാത്മീകി രാമായണം താളിയോലയും 1877 ലെ ഉത്തരരാമായണം കുറത്തിപ്പാട്ട് പുസ്തകവും ഉള്‍പ്പെടെ അപൂര്‍വ ചരിത്രരേഖകള്‍ കാണാന്‍ ആഗസ്റ്റ് 16 വരെ അവസരം. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ താളിയോല രാമായണങ്ങളുടെയും പുരാതന ഗ്രന്ഥങ്ങളുടെയും പ്രദര്‍ശനത്തിലാണ് അപൂര്‍വവും ഏറ്റവും പഴക്കമേറിയതുമായ താളിയോലകളും ആദ്യകാല രാമായണ ഗ്രന്ഥങ്ങളും ഒരുക്കിയിരിക്കുന്നത്. നളന്ദയിലെ ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റിലെ സിഗ്‌നേച്ചര്‍ ഗ്യാലറിയിലാണ് പ്രദര്‍ശനം.

പുരാവസ്തു-പുരാരേഖാ, മ്യൂസിയം, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചരിത്രരേഖകളുടെ സംരക്ഷണവും പഠനവും ആവശ്യകതയാണെന്നും അതിനുള്ള താത്പര്യം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് ആര്‍ക്കൈവ്‌സ് വകുപ്പ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മ്യൂസിയം മൃഗശാല ഡയറക്ടര്‍ എസ്. അബു സംബന്ധിച്ചു. ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടര്‍ പി. ബിജു സ്വാഗതവും ആര്‍ക്കൈവിസ്റ്റ് ആര്‍. അശോക് കുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് 'രാമായണത്തിന്റെ കാലികപ്രസക്തി' എന്ന വിഷയത്തില്‍ വിമന്‍സ് കോളേജ് സംസ്‌കൃതവിഭാഗം മുന്‍ മേധാവി വി. മാധവന്‍ പിള്ള പ്രഭാഷണം നടത്തി.

ആര്‍ക്കൈവ്‌സ് വകുപ്പിന്റെ കൈവശമുള്ള നിരവധി അപൂര്‍വരേഖാശേഖരങ്ങളില്‍ ഉള്‍പ്പെട്ടതും താളിയോലകളില്‍ നാരായം കൊണ്ട് എഴുതപ്പെട്ടതുമായ അത്യപൂര്‍വമായ രാമായണങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള താളിയോല ഗ്രന്ഥങ്ങള്‍ സൗജന്യമായി സംരക്ഷിച്ചു നല്‍കുന്ന രേഖാ സംരക്ഷണ ക്ലിനിക്കിനും ഇതോടൊപ്പം തുടക്കമായി.

പ്രദര്‍ശനത്തിലുള്ള ഏറ്റവും പഴയ പുസ്തകം കൊച്ചി സെന്റ് തോമസ് അച്ചുകൂടത്തില്‍ അച്ചടിച്ച 'ഉത്തരരാമായണം കുറത്തിപ്പാട്ടാ'ണ്. 1790 ല്‍ താളിയോലയില്‍ എഴുതിയതാണ് വാല്‍മീകി രാമായണം സുന്ദരകാണ്ഡം. ഇതിനുപുറമേ, കണ്ണശ്ശ രാമായണം, സമ്പൂര്‍ണ രാമായണം, രാമായണം കിളിപ്പാട്ട്, മഹാഭാഗവതം, രാമായണം തുടങ്ങിയ 16 തരം താളിയോലകളും, 32 അപൂര്‍വ പുസ്തകങ്ങളും മുളക്കരണങ്ങളും പ്രദര്‍ശനത്തിലുണ്ട്. 

പി.എന്‍.എക്‌സ്.3497/18

date