Skip to main content

81.5 ശതമാനം കുട്ടികള്‍ മീസില്‍സ്-റുബെല്ല വാക്‌സിന്‍ എടുത്തു     

മീസില്‍സ്-റൂബെല്ല ്രപതിരോധ കുത്തിവെപ്പ് ക്യാംപയിന്റെ ആദ്യഘട്ടത്തില്‍ പിറകിലായിരുന്ന കണ്ണൂര്‍ ജില്ല കഴിഞ്ഞ മൂന്നാഴ്ചയ്ക്കകം വന്‍ പുരോഗതി കൈവരിച്ചതായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം വിലയിരുത്തി. മൂന്നാഴ്ച മുമ്പ് 37 ശതമാനമായിരുന്നത് നിലവില്‍ 81.5 ശതമാനമായി ഉയര്‍ന്നു. കുത്തിവയ്‌പ്പെടുക്കേണ്ട 5,93,129 കുട്ടികളില്‍ ഇതിനകം 4,83,400 പേര്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചു. വരുംദിനങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ വാക്‌സിനെടുക്കാന്‍ സന്നദ്ധരായതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
    വാട്ട്‌സാപ്പിലും മറ്റും സാമൂഹ്യദ്രോഹികള്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരായ രക്ഷിതാക്കളില്‍ പലരെയും ബോധവല്‍ക്കരണത്തിലൂടെ മാറ്റിയെടുക്കാനായതായി യോഗത്തില്‍ സംസാരിച്ച സ്‌കൂള്‍ പ്രതിനിധികള്‍ പറഞ്ഞു. കുട്ടികളില്‍ പലരും വാകിസനെടുക്കാന്‍ വിസമ്മതിച്ചത് രക്ഷിതാക്കള്‍ പറഞ്ഞതുകൊണ്ടായിരുന്നില്ല. കുത്തിവയ്‌പ്പെടുക്കാനുള്ള ഭയം കാരണമോ മറ്റോ ആയിരുന്നു. വാക്‌സിനെടുക്കാത്തവര്‍ രക്ഷിതാക്കളില്‍ നിന്ന് ഫോം പൂരിപ്പിച്ച കലക്ടറുടെ മോലൊപ്പ് വാങ്ങി വരണമെന്നു പറഞ്ഞപ്പോള്‍ അവര്‍ സമ്മതിക്കുകയായിരുന്നു. 
    വാക്‌സിന്‍ എടുക്കാന്‍ സന്നദ്ധനല്ലെന്ന സാക്ഷ്യപത്രത്തില്‍ മേലൊപ്പ് വാങ്ങാന്‍ തന്നെ വന്നുകണ്ട രക്ഷിതാക്കളില്‍ 95 ശതമാനം പേരും വാക്‌സിനെടുക്കാമെന്ന് സമ്മതിച്ച ശേഷമാണ് തിരികെ പോയതെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു. ഇവരില്‍ ഭൂരിപക്ഷം പേരും വാക്‌സിനേഷനെക്കുറിച്ചോ അത് എടുക്കാതിരുന്നാലുള്ള അപകടത്തെ കുറിച്ചോ വ്യകത്മായ ധാരണയില്ലാത്തവരായിരുന്നു. അവരുടെ തെറ്റിദ്ധാരണ തീര്‍ത്ത് സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. മക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നില്ലെന്ന് പറയുന്ന രക്ഷിതാക്കളില്‍ പലരും പലഘട്ടങ്ങളിലായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരാണ്. സ്വന്തം കുട്ടികള്‍ക്ക് അത് നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ അവരെ രോഗസാധ്യത കൂടുതലുള്ളവരാക്കി മാറ്റുകയാണ് ചെയ്യുന്നത്. സ്വന്തം മക്കളെ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ വാക്‌സിനെടുക്കണമെന്ന് പറയുമ്പോള്‍ അത് അവഗണിച്ച് വാട്ട്‌സാപ്പിനെ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
    ജില്ലയിലെ 10ല്‍ 8 വിദ്യാര്‍ഥികളും ഇതിനകം വാക്‌സിന്‍ എടുത്തുകഴിഞ്ഞു. ബാക്കി 20 ശതമാനം കുട്ടികള്‍ക്കു കൂടി അത് ലഭ്യമാക്കുകയെന്നത് വാക്‌സിനെടുത്ത കുട്ടികളുടെ രക്ഷിതാക്കളുടെ കൂടി ബാധ്യതയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 
    4.8 ലക്ഷത്തിലേറെ പേര്‍ ഇതിനകം ജില്ലയില്‍ വാക്‌സിനെടുത്തിട്ടും ഏതെങ്കിലും കുട്ടിക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വാക്‌സിന്‍ മൂലം ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിക്കുന്ന പക്ഷം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ജില്ലാഭരണകൂടവും ജില്ലാ ആരോഗ്യവകുപ്പും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 
    കുത്തിവയ്പ്പിന് വിസമ്മതിക്കുന്ന രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ നിന്ന് വിതരണം ചെയ്യുന്ന സമ്മതപത്രത്തില്‍ അക്കാര്യം എഴുതി ജില്ലാ കലക്ടറുടെ മേലൊപ്പോടു കൂടി തിരിച്ചു നല്‍കാത്ത പക്ഷം മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കാനുള്ള ക്രമീകരണം വിദ്യാലയ അധികൃതര്‍ ഒരുക്കണമെന്നും യോഗം നിര്‍ദേശിച്ചു. കുട്ടികളുടെ രക്ഷിതാക്കളല്ലാത്തവര്‍ സ്‌കൂളിലെത്തി വാക്‌സിനേഷന്‍ നടപടികള്‍ തടസ്സപ്പെടുത്തിയാല്‍ അവരെ അറസ്റ്റ് ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു. മറ്റിടങ്ങളില്‍ നിന്ന് വാക്‌സിനെടുത്തവര്‍ അവിടെ നിന്ന് ലഭിച്ച വാക്‌സിനേഷന്‍ കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കണമെന്നും അല്ലാത്തവര്‍ക്ക് കുത്തിവയ്പ്പ് നല്‍കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.
    ജില്ലാകലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡി എം ഒ ഡോ.കെ നാരായണ നായ്ക്ക്, ഡി പി എം ഡോ.ലതീഷ്, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ ജ്യോതി, ഡെപ്യൂട്ടി ഡി എം ഒ ഡോ. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
പി എന്‍ സി/4424/2017

date