Skip to main content

എയ്ഡ്‌സ് ദിനാചരണം:  സംഘാടക സമിതി രൂപവത്കരിച്ചു

ജില്ലാ തല എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയും ജില്ലാ കളക്ടര്‍ ചെയര്‍മാനുമായി സംഘാടക സമിതി രൂപവത്കരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കണ്‍വീനായിരിക്കും. 
എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന് ജില്ലാതല ഉദ്ഘാടനം കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജില്‍ നടക്കും. റെഡ് റിബണ്‍ ധരിക്കല്‍, രക്തദാന ക്യാമ്പ്, കോളജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല സ്‌കിറ്റ് മത്സരം എന്നിവയുണ്ടാകും. കണ്ണൂര്‍ കോളജ് ഓഫ് കോമേഴ്‌സില്‍ രക്തദാന ക്യാമ്പും വിവിധ പരിപാടികളും നടത്തും. വൈകീട്ട് കണ്ണൂര്‍ നഗരത്തില്‍ എയ്ഡ്‌സ് ദിന റാലി നടക്കും. റാലിയുടെ സമാപനത്തില്‍ മെഴുകുതിരി തെളിക്കും. തുടര്‍ന്ന് പൊതുയോഗം, സാംസ്‌കാരിക പരിപാടികള്‍ എന്നിവയുണ്ടാവും. ദിനാചരണത്തിന്റെ മുന്നോടിയായി നവംബര്‍ 29ന് സ്റ്റുഡന്റ് പൊലീസ് കാഡറ്റുകള്‍ അണിനിരക്കുന്ന വിളംബര റാലിയും 30ന് ബൈക്ക് റാലിയും നടത്തും. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ ബ്ലഡ് ഡോണേഴ്‌സ് ഫോറം തുടങ്ങിയ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക.
സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, ടി.ടി റംല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായിക് എന്നിവര്‍ സംസാരിച്ചു.
പി എന്‍ സി/4413/2017

date