Skip to main content

ജില്ലാ പദ്ധതി രൂപീകരണം: വനിതാ സംഘടനകളുടെ  യോഗം ചേര്‍ന്നു   

 ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വനിതാസംഘടനകളുടെയും വനിതരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും യോഗം ഉസമിതി ചെയര്‍മാനും ആന്തൂര്‍ മുനിസിപ്പാലിറ്റി അധ്യക്ഷയുമായ പി.കെ ശ്യാമള ടീച്ചറുടെ നേതൃത്വത്തില്‍ ചേര്‍ന്നു. കണ്ണൂരിനെ സ്ത്രീ സൗഹൃദ ജില്ലയാക്കുന്നതിനുള്ള പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു. 
    സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യുന്നതിന് സുരക്ഷിതമായ സ്ഥലമായി ജില്ലയെ മാറ്റിയെടുക്കണം. അതിന്റെ ഭാഗമായി രാത്രി സമയങ്ങളില്‍ നഗരത്തിലെത്തിപ്പെടുന്നവര്‍ക്ക് താല്‍ക്കാലികമായി താമസിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കണം. സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നഗരങ്ങളിലും പട്ടണങ്ങളിലും കുറവാണ്. ഇത് പരിഹരിക്കാന്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍, ഇന്‍സിനറേറ്റര്‍ തുടങ്ങിയ സംവിധാനത്തോടൊപ്പം സ്ത്രീ സൗഹൃദ ടോയിലെറ്റുകള്‍ സ്ഥാപിക്കണം. പുരുഷന്‍മാരില്‍ പലരും പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് നിയമം മൂലം തടയുകയും നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. 
    ജില്ലയിലെ പ്രായമായ സ്ത്രീകള്‍, വിധവകള്‍, രോഗികള്‍ തുടങ്ങിയവരുടെ കൃത്യമായ കണക്കെടുക്കുന്നതിന് അവസ്ഥാ പഠനം നടത്തണം. വിധവകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍ വേണം. പുരുഷന്‍മാരുടെ അമിത മദ്യപാനം സ്ത്രീകള്‍ക്ക് വലിയ പ്രശ്‌നങ്ങല്‍ സൃഷ്ടിക്കുന്നതായി യോഗം വിലയിരുത്തി. മദ്യവര്‍ജനത്തിനുള്ള ശക്തമായ ബോധവല്‍ക്കരണം വേണം. പുതുതലമുറയില്‍ അത് വളര്‍ത്തിയെടുക്കുന്നതിന് നീക്കം നടത്തണം. 
    വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണെങ്കിലും തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്നവര്‍ കുറവാണ്. എഞ്ചിനീയറിംഗ് ബിരുദം അടക്കമുള്ള ഉന്നത വിദ്യാഭ്യാസം നേടിയവര്‍ വീടുകളില്‍ ഒതുങ്ങിക്കഴിയുന്ന അവസ്ഥ ഇന്ന് ധാരാളമായുണ്ട്. സ്ത്രീകളെ തൊഴിലുകളിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത് ഇതിന് പരിഹാരമാവും. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും മറ്റും താമസിക്കുന്നതിന് നഗരകേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഹോസ്റ്റലുകള്‍ സ്ഥാപിക്കണം. ചെറിയ കുട്ടികളെ പരിപാലിക്കുന്നതിന് ഇവയോടനുബന്ധിച്ച് ക്രഷെ സംവിധാനം കൂടി ഒരുക്കുന്നത് ഫലപ്രദമാവുമെന്നും യോഗം വിലയിരുത്തി. 
    അസംഘടിത മേഖലകളില്‍ ഉള്‍പ്പെടെ സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതിനെക്കുറിച്ച് കൃത്യമായ പഠനം നടക്കേണ്ടതുണ്ട്. പഞ്ചായത്ത് തലത്തിലെ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുന്നതിന് സംവിധാനങ്ങള്‍ വേണമെന്നും യോഗം വിലയിരുത്തി. 
    ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഉപസമിതി കണ്‍വീനറും ജില്ലാ വനിതാക്ഷേമ ഓഫീസറുമായ കെ ബീന, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ലക്ഷ്മി, വി.കെ പ്രകാശിനി, വി ലീല, സി.ടി ഗിരിജ, രജനി രമാനന്ദന്‍, റോഷ്‌നി ഖാലിദ്, അഡ്വ. ജൂലി പ്രസാദ്, ഗീത കെ.പി തുടങ്ങിയവര്‍ സംബന്ധിച്ചു. 
പി എന്‍ സി/4425/2017

date