Skip to main content

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ കൂടുതല്‍ ശ്രദ്ധിക്കണം - ജില്ലാ കളക്ടര്‍

 

കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍ദേശം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നര്‍ദേശം നല്‍കിയത്. മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരിതബാധിത പ്രദേശങ്ങളില്‍ സാംക്രമിക രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ ഇവ തടയുന്നതിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക ചെലവഴിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായ പങ്കാളിത്തവും സഹകരണവും തദ്ദേശഭരണ ഭാരവാഹികളും ഉദ്യോഗസ്ഥരും നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കല്‍, സാങ്കേതിക അനുമതി തുടങ്ങിയ നടപടിക്രമങ്ങള്‍ തസെമാകുന്നില്ല എന്ന് ഉറപ്പുവരുത്തുവാന്‍ ചീഫ് എന്‍ജിനീയറോട് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പൂര്‍ണമായ പങ്കാളിത്തം ഉണ്ടാകണമെന്നും കളക്ടര്‍ അറിയിച്ചു.തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആവശ്യമായ തുക വിനിയോഗിക്കുന്നതിനാണ് സര്‍ക്കാര്‍ യഥേഷ്ടാനുമതി നല്‍കിയിട്ടുള്ളത്. 

അണക്കെട്ടുകള്‍ തുറന്നിട്ടുള്ള സാഹചര്യത്തില്‍ ഇതിന്റെ പ്രഹരം അനുഭവിക്കേണ്ടി വരുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ കൃത്യതയോടെ തയാറാക്കണം. ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നതിന് ഇത് ഏറെ പ്രയോജനം ചെയ്യും. ആരോഗ്യ വകുപ്പിന്റെയും ശുചിത്വമിഷന്റെയും പ്രവര്‍ത്തനം ദുരിതബാധിത മേഖലകളില്‍ ശക്തിപ്പെടുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

യോഗത്തില്‍ തിരുവല്ല ആര്‍ഡിഒ റ്റി.കെ.വിനീത്, ദുരന്തനിവാരണം വിഭാഗം                  െഡപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

                (പിഎന്‍പി 2313/18)

date