Skip to main content

മഴക്കെടുതി  അര്‍ഹിക്കുന്ന സാമ്പത്തിക സഹായത്തിന്‌ ശുപാര്‍ശ ചെയ്യും :  കേന്ദ്രസംഘം

മഴക്കെടുതി മൂലം മെയ്‌ മുതല്‍ ജില്ലയിലുണ്ടായ നാശനഷ്‌ടങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന സാമ്പത്തിക സഹായം അനുവദിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നു. കേന്ദ്രസംഘം ജില്ലാ കളക്‌ടര്‍ക്ക്‌ ഉറപ്പുനല്‍കി. പത്തുദിവസത്തിനകം ശാസ്‌ത്രീയമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും കേന്ദ്രസംഘം ആവശ്യപ്പെട്ടു. കേന്ദ്ര കാര്‍ഷിക മന്ത്രാലയം ഡയറക്‌ടര്‍ ബി.കെ. ശ്രീവാസ്‌തവ, ഊര്‍ജമന്ത്രാലയം ഡെപ്യൂട്ടി ഡയറക്‌ടര്‍ നര്‍സി റാം മീണ, ഗതാഗത മന്ത്രാലയം റീജിയണല്‍ ഓഫീസര്‍ വി.വി. ശാസ്‌ത്രി എന്നിവരടങ്ങിയ സംഘമാണ്‌ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ നാശനഷ്‌ടങ്ങള്‍ വിലയിരുത്തിയത്‌. ഇവര്‍ക്കൊപ്പം സംസ്ഥാനത്തിന്റെ പ്രതിനിധിയായി കോര്‍ഡിനേറ്റിങ്ങ്‌ ഓഫീസര്‍ സിജി എം. തങ്കച്ചനും ഉണ്ടായിരുന്നു. നാശനഷ്‌ടങ്ങളുണ്ടായ പൂങ്കുന്നം ഹരിശ്രീ നഗര്‍, പൊറത്തിശേരി വില്ലേജ്‌, കോക്കിരിപ്പാലം, ആറാട്ടുപുഴ പാലത്തിനു സമീപം ഇടിഞ്ഞ പുഴയോരം, ആറാട്ടുപുഴ കാരോട്ട്‌മുറി പട്ടികജാതി കോളനി, മുതുള്ളിയാക്കല്‍, ശാസ്‌താം കടവ്‌, ആമ്പല്ലൂര്‍, നന്തിക്കര, ചാലക്കുടി, പിണ്ടാണി, ചാര്‍പ്പ, മേലൂര്‍ എന്നിവിടങ്ങളിലാണ്‌ സംഘം സന്ദര്‍ശിച്ചത്‌. ജനപ്രതിനിധികളും സന്നിഹിതരായി. 
രാവിലെ പുഴക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ജില്ലാകളക്‌ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ കേന്ദ്രസംഘം വിവിധ വകുപ്പുമേധാവികളുമായി ജില്ലയിലുണ്ടായ നാശനഷ്‌ടങ്ങളെ കുറിച്ച്‌ ചര്‍ച്ച നടത്തി. കൃഷി, കോള്‍മേഖല, പൊതുമരാമത്ത്‌, ജലസേചനം, ഹോര്‍ട്ടികള്‍ച്ചര്‍, വൈദ്യുതി മുതലായ വകുപ്പുകളുടെ മേധാവികളുമായിട്ടാണ്‌ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തത്‌. തൃശൂര്‍ കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുതലത്തിലുണ്ടായിട്ടുള്ള നാശനഷ്‌ടങ്ങളെക്കുറിച്ച്‌ ജില്ലാകളക്‌ടര്‍ കേന്ദ്രസംഘങ്ങളോട്‌ വിശദീകരിച്ചു. സബ്‌ കളക്‌ടര്‍ ഡോ. രേണുരാജ്‌, വിദ്യാഭ്യാസവകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പ്രതിനിധി കെ.വി.രാമകൃഷ്‌ണന്‍, വ്യവസായ വകുപ്പ്‌ മന്ത്രി എ.സി. മൊയ്‌തീന്റെ പ്രതിനിധി ടി.കെ. വാസു എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 
327.81 കോടി രൂപയുടെ നാശനഷ്‌ടമാണ്‌ ജില്ലയില്‍ കണക്കാക്കിയിട്ടുള്ളത്‌. 398.2 ഹെക്‌ടര്‍ നെല്‍കൃഷിയിടങ്ങളില്‍ 13.65 ലക്ഷം രൂപയുടെ നാശനഷ്‌ടങ്ങള്‍ ഉണ്ടായി. മൊത്തം കാര്‍ഷികയിടങ്ങളില്‍ വിവിധ കൃഷി സ്ഥലങ്ങളിലായി 34.67 കോടി രൂപയുടെ നഷ്‌ടമാണ്‌ ഉണ്ടായിട്ടുള്ളത്‌. കനത്ത മഴയില്‍ ജില്ലയില്‍ തൃശൂര്‍, ഇരിങ്ങാലക്കുട വൈദ്യുത മേഖയ്‌ക്ക്‌ 1.45 കോടി രൂപയാണ്‌ നഷ്‌ടം. കന്നുകാലികള്‍, മറ്റ്‌ വീട്ടുമൃഗങ്ങള്‍ എന്നീ ഇനത്തില്‍ മൊത്തം 51.33 ലക്ഷം രൂപയുടെ നഷ്‌ടം വരും. ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന്‌ തകര്‍ന്ന റോഡുകളുടെ മൊത്തം നാശനഷ്‌ടം 250 കോടി രൂപയാണെന്നും കേന്ദ്രസംഘത്തോട്‌ കളക്‌ടര്‍ വിശദീകരിച്ചു. പഞ്ചായത്തുതലത്തില്‍ 19.68 കോടി, ബ്ലോക്ക്‌ തലത്തില്‍ 28.98 ലക്ഷം, നഗരസഭയില്‍ 3.73 കോടി, കോര്‍പ്പറേഷനില്‍ 7.87 കോടിരൂപയുടെയും നാശനഷ്‌ടങ്ങളുണ്ടായതായും ജില്ലാ കളക്‌ടര്‍ വിശദീകരിച്ചു. വാട്ടര്‍ അതോറിറ്റിക്ക്‌ 48.18 ലക്ഷം രൂപയുടെയും ഇറിഗേഷന്‍ വകുപ്പിന്‌ 2.08 കോടി രൂപയുടെയും നാശനഷ്‌ടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. 
മഴക്കെടുതി മൂലം ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി 165 പുനരധിവാസകേന്ദ്രങ്ങള്‍ തുറന്നു. 66.82 ലക്ഷം രൂപയാണ്‌ ഇത്തരത്തിലുണ്ടായിട്ടുള്ള നഷ്‌ടം. കടല്‍ ക്ഷേഭമുണ്ടായിട്ടുള്ള പ്രദേശങ്ങളില്‍ 67 വില്ലേജുകളിലാണ്‌ നാശനഷ്‌ടങ്ങളുണ്ടായിട്ടുള്ളത്‌. വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നയിനത്തില്‍ 28.53 ലക്ഷവും ഭാഗികമായി തകര്‍ന്നയിനത്തില്‍ 1.87 കോടി രൂപയുടെ നാശനഷ്‌ടവുമുണ്ടായതായി. ജില്ലയിലെ 32 പാടശേഖരങ്ങളില്‍ മഴക്കെടുതി മൂലം 1.72 കോടി രൂപയുടെ നാശനഷ്‌ടമാണുണ്ടായിട്ടുള്ളത്‌.

date