Skip to main content

ജില്ലയില്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ റഫറന്‍സ് ക്ലിനിക്ക് ആരംഭിക്കും  റബ്ബര്‍ കര്‍ഷകര്‍ക്ക് ഗുണകരമായ കാര്‍ഷിക നയം രൂപീകരിക്കും: മന്ത്രി വി.എസ് സുനില്‍കുമാര്‍

 

റബര്‍ കര്‍ഷകര്‍ക്ക് ഗുണകരമായ കാര്‍ഷിക നയം സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് വരികയാണെന്ന് കാര്‍ഷിക ക്ഷേമവികസന വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക മേള  ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബറിന്റെ വില കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. കേരളത്തില്‍ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ടാണ് റബ്ബറിനെ ഇപ്പോള്‍ പരിഗണിക്കുന്നത്. പുതിയ നയം രൂപീകരിക്കുന്നത് കൃഷി വകുപ്പുമായി ബന്ധപ്പെടുത്തിയാണ്. റബ്ബര്‍ ഉല്പാദിപ്പിക്കുന്ന കര്‍ഷകന്റെ ആവശ്യത്തിന് അനുസരിച്ചുളള വ്യവസായം ആരംഭിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു തുടക്കം സര്‍ക്കാര്‍ ആരംഭിക്കുകയാണ്. റബ്ബര്‍ ബോര്‍ഡ്, കൃഷി വകുപ്പ്, വ്യവസായ വകുപ്പ് എന്നിവ ഉള്‍പ്പെടുന്ന നയമാണ് ആവിഷ്‌ക്കരിക്കുന്നത്. 

കൃഷി ഭവന്റെ 30-ാം വാര്‍ഷികം പ്രമാണിച്ച് 250 അഗ്രോ ക്ലിനിക്കുകള്‍ കേരളത്തില്‍ ആരംഭിക്കും. കോട്ടയം ജില്ലയില്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ ഒരു റഫറന്‍സ് ക്ലിനിക്ക് ആരംഭിക്കും. കാര്‍ഷിക ഉല്പന്നങ്ങളെ മൂല്യവര്‍ദ്ധിതമാക്കുന്നതിന് കുടുംബശ്രീയുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌ക്കരിക്കും. കര്‍ഷക വെല്‍ഫയര്‍ ബോര്‍ഡ് രൂപീകരിക്കാനുളള അന്തിമ ഘട്ടത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. ഇത് ഇന്‍ഡ്യയിലെ തന്നെ ആദ്യത്തെ കര്‍ഷക ക്ഷേമ ബോര്‍ഡായിരിക്കും. 

ചടങ്ങില്‍ പി. സി ജോര്‍ജ്ജ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. ജയലളിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി ജെയിംസ് (തീക്കോയി), രമേഷ് വി. വെട്ടിമറ്റം (പൂഞ്ഞാര്‍), മിനി സാവിയോ  (തിടനാട്), ഇന്ദിര രാധാകൃഷ്ണന്‍  (തലപ്പലം), സതി വിജയന്‍                 (തലനാട്), ഷൈനി സന്തോഷ് (പൂഞ്ഞാര്‍ തെക്കേക്കര), ഷേര്‍ലി സെബാസ്റ്റ്യന്‍ (മൂന്നിലവ്, ഷീബാ മോള്‍ ജോസഫ് (മേലുകാവ്) തുടങ്ങിയവര്‍ പ്രസംഗിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഈരാറ്റുപേട്ട ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രേംജി സ്വാഗതവും കൃഷി അസി. ഡയറക്ടര്‍ വി.റ്റി സുലോചന നന്ദിയും പറഞ്ഞു.  നവംബര്‍ 21 മുതല്‍ 23 വരെ തീയതികളിലാണ് കാര്‍ഷികമേള നടക്കുന്നത്.  ഇന്നലെ മണ്ണു പരിശോധനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ കോഴ സോയില്‍ ടെസ്റ്റിംഗ് ലാബ് അസി. സോയില്‍ കെമിസ്റ്റ് വി. അനിത ക്ലാസ് നയിച്ചു. ഹോര്‍ട്ടികോര്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. ബെന്നി ഡാനിയല്‍ തേനീച്ച കൃഷി -തേനധിഷ്ഠിത വിഭവങ്ങള്‍ എന്ന വിഷയത്തിലും ക്ലാസ്സെടുത്തു. ഇന്ന്  (നവംബര്‍ 22) രാവിലെ 10.30ന് ഭക്ഷ്യ സുരക്ഷയില്‍ കിഴങ്ങു വര്‍ഗ്ഗ വിളകളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ കേന്ദ്ര കിഴങ്ങു വര്‍ഗ്ഗ ഗവേഷണ കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് സൂസന്‍ ജോണ്‍ സെമിനാര്‍ നയിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുളള കാര്‍ഷിക പ്രശ്‌നോത്തരി കൃഷി അസി. പി.എ രാജന്റെ നേതൃത്വത്തില്‍ നടക്കും. നവംബര്‍ 23 ന് രാവിലെ 10ന് ജൈവ കൃഷി എന്ന വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫ. (റിട്ട) ഡോ. പി. എസ് ജോണ്‍ ക്ലാസെടുക്കും. 

23 ന് നടക്കുന്ന സമാപന സമ്മേളനം കെ.എം മാണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രേംജി അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഓരോ പഞ്ചായത്തിലേയും മുതിര്‍ന്ന കര്‍ഷകരെ ആദരിക്കും. കാര്‍ഷിക വിള മത്സരം, വിപണന മേള, പ്രദര്‍ശന സ്റ്റാളുകള്‍, കലാപരിപാടികള്‍, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ വിപണനം എന്നിവയും മേളയുടെ ഭാഗമായി നടക്കും. 

 

 

date