Skip to main content

പ്രളയക്കെടുതി നേരിടാന്‍ എന്‍. ഡി. ആര്‍. എഫും പ്രതിരോധ സേനയും

 

ഇടുക്കി അണക്കെട്ട് തുറന്ന സാഹചര്യവും പ്രളയവും മഴക്കെടുതികളും നേരിടുന്നതിന് സംസ്ഥാനത്തെ സഹായിക്കാന്‍ എല്ലാ വിധ സജ്ജീകരണങ്ങളുമായി ദേശീയ ദുരന്ത പ്രതികരണ സേനയും ( എന്‍. ഡി. ആര്‍. എഫ്) പ്രതിരോധ സേനാംഗങ്ങളും രംഗത്ത്. എന്‍. ഡി. ആര്‍. എഫിന്റെ 14 സംഘങ്ങളാണ് കേരളത്തിന്റെ വിവിധ ജില്ലകളില്‍ എത്തിയിരിക്കുന്നത്. പെരിയാറില്‍ വെള്ളം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തെ തൃശൂരിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ തന്നെ ആലുവയില്‍ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഇടുക്കി ചെറുതോണിയിലും വാത്തിക്കുടിയിലും ഓരോ ടീമുകളെ നിയോഗിച്ചിരിക്കുകയാണ്. കോഴിക്കോടു നിന്ന് മറ്റൊരു സംഘം തൃശൂരിലേക്ക് നീങ്ങിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് മറ്റു ടീമുകള്‍. ആരക്കോണത്ത് നിന്നുള്ള 90 അംഗ സംഘവും ഗുണ്ടൂരില്‍ നിന്നുള്ള 15 അംഗ സംഘവും കൊച്ചി നേവല്‍ ബേസിലെത്തിയിട്ടുണ്ട്. എല്ലാ വിധ ആധുനിക സംവിധാനങ്ങളോടെയാണ് ഇവര്‍ എത്തുന്നത്. 

നേവിയുടെ 15 ഡൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം മലപ്പുറത്തുണ്ട്. അഞ്ച് നേവി ഡൈവര്‍മാരടങ്ങുന്ന 36 അംഗ സംഘത്തെ വയനാട്ടില്‍ വിന്യസിച്ചിട്ടുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയുടെ 60 അംഗ സംഘവും ഇവിടെയുണ്ട്. നിലമ്പൂര്‍ ചുങ്കത്തറയില്‍ ആര്‍മിയുടെ ഒരു കോളവും ഇടുക്കി ദേവികുളത്ത് മറ്റൊരു കോളവും ഉണ്ട്. ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള 105 അംഗ ടീം കണ്ണൂരില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സേവനം വിനിയോഗിക്കുന്നുണ്ട്. മൂന്ന് എ. എല്‍. എച്ച് ഹെലികോപ്റ്ററുകളും രണ്ട് എം. ഐ 17 വി ഹെലികോപ്റ്ററുകളും നാല് എ. എന്‍ 32 ഉം, രണ്ട് ആര്‍ട്ടിലറി യൂണിറ്റുകളും ഒരു മദ്രാസ് റെജിമെന്റ് യൂണിറ്റും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 

ബാംഗ്‌ളൂരില്‍ നിന്നുള്ള മിലിട്ടറി എന്‍ജിനിയറിംഗ് ഗ്രൂപ്പിന്റെ 37 അംഗ സംഘം മലപ്പുറത്തുണ്ട്. 37 അംഗങ്ങളുള്ള മറ്റൊരു സംഘത്തെ ഇടുക്കിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൈദരാബാദില്‍ നിന്നുള്ള 32 ഓഫീസര്‍മാരുടെ സംഘത്തെ ആലുവയിലെത്തിച്ചിട്ടുണ്ട്. 

 

 

date