Skip to main content

ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു രംഗത്തുളളത് സന്നദ്ധസംഘടനകള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍

 

ജില്ലയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വാസയോഗ്യമല്ലാതായി തീര്‍ന്ന വീടുകളുടെ ശുചീകരണത്തിനും തകരാറിലായ പ്ലംബിങ് -ഇലക്ട്രിക്ക് അറ്റകുറ്റപണികള്‍ ഉള്‍പ്പെടെ നിര്‍വഹിക്കുന്നതിനായി സന്നദ്ധ സംഘടനകളില്‍ നിന്നുള്‍പ്പെടെ ആയിരത്തോളം പേര്‍ രംഗത്തുളളതായി ഹരിതകേരളം മിഷന്‍ -ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റമാരായ വൈ .കല്ല്യാണകൃഷ്ണന്‍, ബെനില ബ്രൂണോ.  എന്നിവര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 11-ഓളം സന്നദ്ധസംഘടനകളില്‍ നിന്നായി 200-ഓളം പേരുളളതായി ബന്ധപ്പെട്ട കലക്ടറേറ്റ്  അധികൃതര്‍ അറിയിച്ചു. പൊലീസ്, ഫയര്‍ഫോഴ്‌സ്, ഹരിതകേരളമിഷന്‍, ജില്ലാശുചിത്വമിഷന്‍, തൊഴിലുറപ്പ്, കുടുംബശ്രി വകുപ്പുകളില്‍ നിന്നായി 800 പേരുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ഇത്തരത്തില്‍ അകത്തേത്തറ പഞ്ചായത്തിലെ ആണ്ടിമഠത്ത് 60-പതോളം വീടുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അങ്കവാല്‍ പറമ്പ് കോളനിയില്‍ 36-ഓളം വീടുകളുടെ ശുചീകരണം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകും. പുതുശ്ശേരി പഞ്ചായത്തിലെ കയ്യാമരക്കോട് ആറോളം വീടുകള്‍ വൃത്തിയാക്കി. അവയുടെ വൈദ്യുത തകരാറുകള്‍ നീക്കിയാല്‍ വാസയോഗ്യമാകുന്നതാണ്. ശേഖരിപുരത്തും ശംഖുവാരത്തോടും സുന്ദരംകോളനിയിലും ഇത്തരത്തില്‍ സംയോജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡോ.കെ.വാസുദേവന്‍ പിളളയുടെ നേതൃത്വത്തില്‍ കിണറുകളിലെ ജലപരിശോധനയും സജീവമായി നടക്കുന്നുണ്ട്. 

    ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുളള സംഘം പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഗ്ലൗസുള്‍പ്പെടെയുളള സുരക്ഷാ സാമഗ്രികള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരും സന്നദ്ധ സംഘടനകളും വിതരണം ചെയ്യുന്നുണ്ട്. ശുചീകരണപ്രവര്‍ത്തനം നടത്തുന്നവര്‍ പ്രതിരോധമരുന്നുകള്‍ സ്വീകരിച്ചും സുരക്ഷാസാമഗ്രികള്‍ ഉപയോഗിച്ചും മാത്രമെ രംഗത്തിറങ്ങാവൂയെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത അറിയിച്ചു.

* ക്യാമ്പുകളില്‍ പാഴ് വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വൃത്തിയായി ചാക്കില്‍ക്കെട്ടി മഴ നനയാതെ സൂക്ഷിക്കണം.

* ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

* പൈപ്പ് വെള്ളം ആണെങ്കില്‍ പോലും തിളപ്പിച്ചാറ്റി മാത്രം കുടിക്കുക.

* തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുക.

* ആഹാരത്തിന് മുന്‍പും ശൗചാലയം ഉപയോഗിച്ചശേഷവും  കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.

* പാത്രം കഴുകാന്‍ ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണം.

* പഴകിയതും തുറന്ന് വെച്ചതുമായ ആഹാരസാധനങ്ങള്‍ കഴിക്കാതിരിക്കുക. ആഹാരസാധനങ്ങള്‍ ഈച്ച കടക്കാത്തവിധം  മൂടി വെയ്ക്കണം.

*വയറിളക്കമുണ്ടായാല്‍ ഒ.ആര്‍.എസ് ലായനി കുടിക്കുക.

* മലിനജലവുമായി സമ്പര്‍ക്കമുണ്ടാകാമെന്നുളളതുകൊണ്ട് ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ നല്‍കുന്ന പ്രതിരോധ ഗുളികകള്‍ കഴിക്കണം.

* വയറല്‍പനി, ചിക്കന്‍പോക്‌സ്, മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കണം. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ എടുക്കണം

* വെള്ളപ്പൊക്കം നേരിട്ട വീടുകളും സ്ഥാപനങ്ങളും നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

*  വെള്ളക്കെട്ട് മൂലം മലിനമായ കിണറുകളും കുടിവെള്ള ടാങ്കുകളും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചശേഷം മാത്രം ഉപയോഗിക്കുക. ഒന്നിടവിട്ടുളള ദിവസങ്ങളില്‍ ക്ലോറിനേഷന്‍ നടത്തണം.

* മലിനജലവുമായി സമ്പര്‍ക്കമുളളതിനാല്‍ ആഴ്ച്ചയിലൊരിക്കല്‍ പ്രതിരോധ മരുന്ന് കഴിക്കണം.

* കൈകാലുകളില്‍ മുറിവുളളവര്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതും പ്രതിരോധ ഗുളിക കഴിക്കേണ്ടതുമാണ്. 

* മലിനജലത്തില്‍ ജോലി ചെയ്യേണ്ട സാഹചര്യത്തില്‍ വ്യക്തിഗത സുരക്ഷാ ഉപാധികള്‍ (ഗംബൂട്ട്, കൈയ്യുറ) തുടങ്ങിയവ നിര്‍ബന്ധമായും ഉപയോഗിക്കണം.

* വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വീടുകളില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കരുത്.

* അടഞ്ഞുകിടന്നിരുന്ന മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം.

* ഇലക്ട്രിക്ക് ഉപകരണങ്ങള്‍  ഇലക്ട്രീഷ്യന്റെ സഹായത്തോടെ പരിശോധിക്കണം.

* അണുബാധയുണ്ടാകാന്‍ സാധ്യതയുളളതിനാല്‍ പ്രമേഹരോഗികള്‍ കൃത്യമായി ചികിത്സ എടുക്കണം.

* പാത്രങ്ങളും ഗ്ലാസുകളും ക്ലോറിനേറ്റ് ചെയ്ത വെളളത്തില്‍ കഴുകിയെടുക്കണം.

* കൈയ്യും വായും ക്ലോറിനേറ്റ് ചെയ്ത വെള്ളത്തില്‍ കഴുകണം.

* ശുചീകരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ വിഷപാമ്പുകളുടെ സാന്നിധ്യം സൂക്ഷിക്കണം.

*വീടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കണം.

* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

 *വൈറല്‍പനി,ചിക്കന്‍പോക്‌സ്, മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ചുമ്മമ്പോളും ചുമയ്ക്കുമ്പോളും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കണം.

* പാത്രം കഴുകുന്ന വെള്ളത്തില്‍ 20 ലിറ്ററിന് ഒന്ന് എന്ന കണക്കില്‍ ക്ലോറിന്‍ ഗുളിക ഉപയോഗിക്കണം.

* പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ സ്വയംചികിത്സ പാടില്ല.

date