Skip to main content

മഴക്കെടുതി: സര്‍ക്കാര്‍ സഹായത്തിന് സാങ്കേതികത തടസ്സമാകില്ലെന്ന് മന്ത്രി കെ.ടി ജലീല്‍

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ ഒരു രൂപ പോലും നഷ്ടപ്പെടാതെ ദുരിതബാധിതരുടെ കൈകളിലെത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. ദുരിതാശ്വാസ ക്യാമ്പുകളിലെത്താതെ ബന്ധുവീടുകളില്‍ അഭയം തേടിയ ദുരിത ബാധിതര്‍ക്ക് എല്ലാ വിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിലമ്പൂരില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായ പ്രദേശങ്ങളില്‍ വീട് നഷ്ടപ്പെട്ടവരെ തിരികെ ആ പ്രദേശത്ത് താമസിപ്പിക്കാന്‍ കഴിയില്ല. ഇവര്‍ക്ക് താമസിക്കാന്‍ സുരക്ഷിതമായ ഭൂമി കണ്ടെത്തും. മറ്റ്  ഭവന നിര്‍മാണ പദ്ധതികളുടെ ആനുകൂല്യം ലഭ്യമായിട്ടുണ്ടെന്ന പേരില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കാനിടയാകരുത്. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഒരു ആനുകൂല്യവും നഷ്ടമാകില്ല. തകര്‍ന്ന റോഡുകളും പാലങ്ങളും ഉടന്‍ നവീകരിക്കും. ഇതിനായി മിലിറ്ററി എഞ്ചിനീയറിങ് വിഭാഗത്തിന്റെ സേവനം ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
കാലവര്‍ഷക്കെടുതി നേരിടാന്‍ വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ എല്ലാ സൗകര്യവുമുണ്ട്. ഭക്ഷണത്തിനോ വസ്ത്രത്തിനോ യാതൊരു പ്രയാസവും നേരിടുന്നില്ല. അധ്യയനം മുടങ്ങാതിരിക്കാന്‍ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുള്ള ക്യാമ്പുകള്‍ സൗകര്യപ്രദമായ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും. നിര്‍മലഗിരി സ്‌കൂളിലെ ദുരിത ബാധിതരെ മുഴുവന്‍ എരഞ്ഞിമങ്ങാട് യതീംഖാനയുടെ ട്രെയിനിങ് സെന്ററിലേക്ക് മാറ്റി. ഇതിന്റെ ഭാഗമായി അകമ്പാടത്തെ സൗകര്യങ്ങള്‍ മന്ത്രി നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി. മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതബാധിത പ്രദേശങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി.  
വെള്ളം ഇറങ്ങുന്ന മുറക്ക് വീടുകളുടെ ശുചീകരണം പൂര്‍ത്തിയാക്കണം.  കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണം. ശുചിത്വ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ സര്‍ട്ടിഫൈ ചെയ്ത ശേഷം മാത്രമേ വീടുകളില്‍ താമസിപ്പിക്കാവൂ എന്നും മന്ത്രി നിര്‍ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് ആരോഗ്യ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല. പാഠപുസ്തകങ്ങളും യൂനിഫോമും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അവ സ്‌കൂളുകള്‍ വഴി വിതരണം ചെയ്യും. ഇതിനായി ഡിഇഒമാരെ ചുമതലപ്പെടുത്തി. എല്ലാ ക്യാമ്പുകളിലും റവന്യൂ ഹെല്‍പ്പ് ഡസ്‌കുകള്‍ ഒരുക്കിയിട്ടുണ്ട്. സ്ഥിരം മെഡിക്കല്‍ ക്യാമ്പും ആംബുലന്‍സ് സേവനവും ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ദുരന്തത്തില്‍ അഞ്ച് പേര്‍ മരിക്കാനിടയായ കുടംബത്തിന് തിരുന്നാവായയില്‍ ബലി കര്‍മ്മം നടത്തുന്നതിനായി യാത്രാ സൗകര്യമുള്‍പ്പെടെയുളള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
നിലമ്പൂര്‍ പൊതുമരാമത്ത് അതിഥി മന്ദിരത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പിവി അബ്ദുള്‍ വഹാബ് എം.പി, പി.വി അന്‍വര്‍ എം.എല്‍എ, ജില്ലാ കലക്ടര്‍ അമിത് മീണ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
ദുരിതബാധിതരോടൊപ്പം സര്‍ക്കാര്‍
*മന്ത്രി കെടി ജലീല്‍ രണ്ടുദിവസമായി നിലമ്പൂരില്‍ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു
* വൃത്തിയുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍.
*ഭക്ഷണവും വസ്ത്രവും സുലഭം
*ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം  
*പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍
*ശുചീകരണത്തിനും ആരോഗ്യ സംരക്ഷണത്തിനും ആരോഗ്യ വകുപ്പിന്റെ നേതൃത്വം
* എല്ലാ ക്യാമ്പിലും  റവന്യൂ ഹെല്‍പ്പ് ഡസ്‌ക്
*തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ഓരോ താലൂക്കിലും ഉദ്യോഗസ്ഥരുടെ സേവനം
*മണ്ഡലം തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തത്തിന്  ഉന്നത ഉദ്യോഗസ്ഥര്‍
*നാശനഷ്ടം വിലയിരുത്താന്‍ പ്രത്യേകസംഘം
*പ്രത്യേക ദുരിതാശ്വാസ പാക്കേജുകള്‍.

 

date