Skip to main content

ഉരുള്‍പൊട്ടല്‍: തകര്‍ന്നത് രണ്ടായിരത്തിലേറെ വീടുകള്‍ 1.65 കോടിയുടെ കൃഷിനാശം

    ജില്ലയിലെ മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലും 74 വീടുകള്‍ പൂര്‍ണമായും രണ്ടായിരത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു.  റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചതാണിത്. ദുരിതം രൂക്ഷമായുണ്ടായ ഇരിട്ടി താലൂക്കില്‍ 71 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. തളിപ്പറമ്പ് താലൂക്കില്‍ മൂന്ന് വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. 
    ഇരിട്ടിയില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. 105 കുടുംബങ്ങളിലായി ആകെ 416 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരു പരാതിയുമില്ലാതെ നല്ല നിലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. പുനരധിവാസമാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം. വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് താമസിക്കുന്നതിന് താല്‍ക്കാലിക സംവിധാനം ഒരുക്കുക, ഭാഗികമായി തകര്‍ന്ന വീടുകള്‍ വാസയോഗ്യമാക്കുന്നതിന് ആവശ്യമായ ശുചീകരണമടക്കമുള്ള കാര്യങ്ങള്‍ ചെയ്യുക തുടങ്ങിയ നടപടികള്‍ ആവശ്യമാണ്. കണ്ണൂര്‍-മാനന്തവാടി റോഡ് തകര്‍ന്ന് നിലയിലാണ്. ഇപ്പോഴും ഇവിടെ അപകടാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു. 
    കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. 635 ഹെക്ടറിലാണ് കൃഷിനാശമുണ്ടായത്. വിളനാശത്തിനു പുറമെ പലയിടത്തും കൃഷി ഭൂമിതന്നെ ഒലിച്ചുപോയിട്ടുണ്ട്. ജില്ലയില്‍ ഈ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം കാരണം 21.26 കോടിയുടെ നഷ്ടമുണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മറിയം ജേക്കബ് അറിയിച്ചു. ഉരുള്‍പൊട്ടലില്‍ മാത്രം 1.65 കോടിയുടെ കൃഷിയും കൃഷി ഭൂമിയുമാണ് നശിച്ചത്. നാശനഷ്ടം കണക്കാക്കുന്ന പ്രവൃത്തി രണ്ടു ദിവസത്തനകം പൂര്‍ത്തിയാക്കും. കര്‍ഷകരെ നേരില്‍ കണ്ട് അപേക്ഷ സ്വീകരിച്ച് നാശനഷ്ടം കണക്കാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും അവര്‍ പറഞ്ഞു. മലയോര മേഖലയില്‍ മാത്രം 550 കിലോമീറ്ററോളം റോഡുകള്‍ തകര്‍ന്നതായി പൊതുമരാമത്ത് വകുപ്പ്  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിഷാകുമാരി അറിയിച്ചു. 

date