Skip to main content

ചക്കുളത്തുകാവ് പൊങ്കാല : വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

    ഡിസംബര്‍ മൂന്നിന് നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങള്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. പൊങ്കാലയോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. 
    പോലീസ് വകുപ്പ് 380 ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കും. പൊടിയാടി, ചക്കുളത്തുകാവ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പോലീസിന്‍റെ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കും. ഡ്യൂട്ടിക്ക് എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഭക്ഷണം, താമസം തുടങ്ങിയ ക്രമീകരണങ്ങള്‍ സംഘാടകര്‍ ഏര്‍പ്പെടുത്തും. 
 കെ.എസ്.ആര്‍.ടി.സി തിരുവല്ല ഡിപ്പോയില്‍ നിന്നും ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ചക്കുളത്തുകാവിലേക്ക് ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. തലവടി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ താത്ക്കാലിക ഓപ്പറേറ്റിംഗ് സെന്‍ററും കെ.എസ്.ആര്‍.ടി.സി പ്രവര്‍ത്തിപ്പിക്കും. വാട്ടര്‍ അതോറിറ്റി കറ്റോട് നിന്നുള്ള പമ്പിംഗ് ഡിസംബര്‍ ഒന്ന് മുതല്‍ ഊര്‍ജിതമാക്കും. ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള മറ്റ് നടപടികളും വാട്ടര്‍ അതോറിറ്റി സ്വീകരിക്കും. 
ആരോഗ്യ വകുപ്പ് തിരുവല്ല ഗവണ്‍മെന്‍റ് ആശുപത്രിയിലും ചാത്തങ്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ റോഡിന്‍റെ സൈഡുകള്‍ വൃത്തിയാക്കുകയും ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്യും. ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ച് മുതല്‍ മൂന്നിന് വൈകിട്ട് അഞ്ച് വരെ പൊങ്കാലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തും. വ്യാജമദ്യം, നിരോധിത ലഹരി വസ്തുക്കള്‍ എന്നിവ കണ്ടെത്തുന്നതിന് എക്സൈസ് വകുപ്പ് ഡിസംബര്‍ ഒന്ന് മുതല്‍ റെയ്ഡുകള്‍ ശക്തമാക്കും. ഫയര്‍ ഫോഴ്സിന്‍റെ രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും.  കെഎസ്ഇബി ഡിസംബര്‍ ഒന്ന് മുതല്‍ ഇടതടവില്ലാതെ വൈദ്യുതി വിതരണം ഉറപ്പുവരുത്തും. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ആവശ്യമുള്ള തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണികളും കെഎസ്ഇബിപൂര്‍ത്തിയാക്കും. 
    പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് തിരുവല്ല ആര്‍ഡിഒ കോ-ഓര്‍ഡിനേറ്ററായും തിരുവല്ല തഹസീല്‍ദാര്‍ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കും.
    യോഗത്തില്‍  തിരുവല്ല ആര്‍ഡിഒ ടി.കെ.വിനീത്, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ പി.റ്റി.എബ്രഹാം, ക്ഷേത്ര ഭാരവാഹികളായ ഹരിക്കുട്ടന്‍ നമ്പൂതിരി, കെ.കെ.ഗോപാലകൃഷ്ണന്‍ നായര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                                                                           (പിഎന്‍പി 3118/17)

date