Skip to main content

ജില്ലയിലെ 32 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക്  അംഗീകാരം

    ജില്ലയിലെ 32 തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതിയോഗം അംഗീകാരം നല്‍കി. പദ്ധതി തുക വിനിയോഗത്തില്‍ ജില്ല ഏറെ പിന്നിലായതിനാല്‍ തദ്ദേശഭരണ ഭാരവാഹികളും നിര്‍വഹണ ഉദ്യോഗസ്ഥരും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ തുക വിനിയോഗം വര്‍ദ്ധിപ്പിക്കാന്‍ കഴിയൂ. പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സമയം അവസാനിക്കുന്നതിനാല്‍ ഇനി സര്‍ക്കാര്‍ നിര്‍ദേശം വന്നാല്‍ മാത്രമേ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗികാരം നല്‍കാന്‍ കഴിയൂ എന്നും പ്രസിഡന്‍റ് പറഞ്ഞു. നാളെ (24ന്) തദ്ദേശഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെടുത്താമെന്നും പ്രസിഡന്‍റ് പറഞ്ഞു. 
    ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി വിലയിരുത്തുന്നതിന് തദ്ദേശഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശഭരണ അധ്യക്ഷരും സെക്രട്ടറിമാരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. യോഗത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ പദ്ധതി പുരോഗതി സംബന്ധിച്ച എല്ലാ വിവരങ്ങളും കൃത്യതയോടെ തയ്യാറാക്കണം. പദ്ധതി നടത്തിപ്പില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ ഇക്കാര്യത്തിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആശങ്കകള്‍ ക്രോഡീകരിച്ച് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുള്ളതായും കളക്ടര്‍ അറിയിച്ചു.  
    കവിയൂര്‍, ചിറ്റാര്‍, കടപ്ര, ആനിക്കാട്, മല്ലപ്പള്ളി, നിരണം, പുറമറ്റം, എഴുമറ്റൂര്‍, കല്ലൂപ്പാറ, ഓമല്ലൂര്‍, സീതത്തോട്, കോഴഞ്ചേരി, റാന്നി, നാറാണംമൂഴി, മെഴുവേലി, കലഞ്ഞൂര്‍, പെരിങ്ങര, മൈലപ്ര, പന്തളം തെക്കേക്കര, ഏനാദിമംഗലം, ഏറത്ത്, കൊറ്റനാട്, വെച്ചൂച്ചിറ, ഇരവിപേരൂര്‍, കൊടുമണ്‍, റാന്നി പഴവങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളായ റാന്നി, മല്ലപ്പള്ളി, പറക്കോട്, പുളിക്കീഴ്, കോന്നി എന്നിവയുടെയും പന്തളം നഗരസഭയുടെയും പദ്ധതി ഭേദഗതികളാണ് ആസൂത്രണ സമിതി അംഗീകരിച്ചത്. 
    യോഗത്തില്‍ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി അഡ്വ.എന്‍.രാജീവ്, ആസൂത്രണ സമിതി അംഗങ്ങളായ എലിസബത്ത് അബു, കെ.ജി.അനിത, അഡ്വ.ആര്‍.ബി.രാജീവ് കുമാര്‍, ബി.സതികുമാരി, എന്‍.ജി.സുരേന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ മുരളീധരന്‍ നായര്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                                                (പിഎന്‍പി 3113/17)

date