Skip to main content

രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമം: മുഖ്യമന്ത്രി  പിണറായി വിജയന്‍

 

സംസ്ഥാനത്ത് മഴ ചെറിയ തോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും പലേടത്തും ശക്തമായി തുടരുകയാണെന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി രാവിലെ ഫോണില്‍ സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ആയിരക്കണക്കിനാളുകള്‍ വിവിധസ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുകഴിയുകയാണ്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തീവ്രമായി തുടരുകയാണ്. കേന്ദ്ര സേനാ വിഭാഗങ്ങളും സംസ്ഥാന ഉദ്യോഗസ്ഥരും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒത്തുചേര്‍ന്ന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. 

ഇന്നത്തെ കണക്കനുസരിച്ച് 52,856 കുടുംബങ്ങളിലെ 2,23,000 പേരെ വിവിധ സ്ഥലങ്ങളില്‍ നിന്നു രക്ഷപ്പെടുത്തി 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചിട്ടുണ്ട്. ആഗസ്റ്റ് എട്ടു മുതലുള്ള കണക്കനുസരിച്ച് 164 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഒറ്റപ്പെട്ടുകഴിയുന്നവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്ടറുകളും ബോട്ടുകളും എത്തിച്ചിട്ടുണ്ട്. ഇന്നു രാവിലെ മുതല്‍ ചാലക്കുടിയില്‍ മൂന്നും എറണാകുളത്ത് അഞ്ചും പത്തനംതിട്ടയില്‍ ഒന്നും ഹെലികോപ്ടറുകള്‍ കൂടുതലായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണ്. ആലപ്പുഴയിലും പത്തനംതിട്ടയിലും ഇന്നലെത്തന്നെ രണ്ടുവീതം ഹെലികോപ്ടറുകളെത്തി.. ഇതുകൂടാതെ 11 ഹെലികോപ്ടറുകള്‍ കൂടി എയര്‍ഫോഴ്സിന്റെ കൈവശമുണ്ട്. അത് കൂടുതല്‍ പ്രശ്നങ്ങളുള്ള പ്രദേശങ്ങളില്‍ വിന്യസിക്കും. കൂടുതല്‍ ഹെലികോപ്ടറുകളും മറ്റു സജ്ജീകരണങ്ങളും വേണമെന്ന് പ്രതിരോധമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്നലത്തെ യോഗ തീരുമാനമനുസരിച്ച് തൃശൂര്‍, ചാലക്കുടി, ആലുവ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചു. നൂറ്റി അമ്പതിലേറെ ബോട്ടുകള്‍ ഇന്ന് രാവിലെ എത്തി. ചെങ്ങന്നൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടവരെ ഹെലികോപ്ടര്‍ ഉപയോഗിച്ചു മാത്രമേ രക്ഷപ്പെടുത്താനാവുമായിരുന്നുള്ളൂ. അവരെ രക്ഷപ്പെടുത്തി. 

ആര്‍മിയുടെ 16 ടീമുകള്‍ വിവിധ കേന്ദ്രങ്ങളില്‍ കൃത്യനിര്‍വഹണത്തിലാണ്. നാവികസേനയുടെ 13 ടീമുകള്‍ തൃശൂരിലും 10 ടീമുകള്‍ വയനാട്ടിലും നാല് ടീമുകള്‍ ചെങ്ങന്നൂരിലും 12 ടീമുകള്‍ ആലുവയിലും മൂന്ന് ടീമുകള്‍ പത്തനംതിട്ടയിലും പ്രവര്‍ത്തിക്കുന്നു. നാവികസേനയുടെ മാത്രം മൂന്നു ഹെലികോപ്ടറുകളും രംഗത്തുണ്ട്.

കോസ്റ്റ്ഗാര്‍ഡിന്റെ രക്ഷാപ്രവര്‍ത്തകര്‍ 28 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തന നിരതരാണ്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ഹെലികോപ്ടറുകളും രംഗത്തുണ്ട്. എന്‍ഡിആര്‍എഫിന്റെ 39 ടീമുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ 14 ടീമുകള്‍ കൂടി  ഉടനെ എത്തും. എന്‍ഡിആര്‍എഫ് മാത്രം ഇതിനകം നാലായിരം പേരെയും നാവികസേന 550 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.

കാലാവസ്ഥാവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇടുക്കി, വയനാട് ജില്ലകളില്‍ മഴ കുറഞ്ഞിട്ടുണ്ട്. റാന്നിയിലും കോഴഞ്ചേരിയിലും വെള്ളം താണു. ചെങ്ങന്നൂരും തിരുവല്ലയിലും വെള്ളത്തിന്റെ ഒഴുക്കിന് ശക്തി കൂടുതലാണ്. പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനില താഴ്ന്നിട്ടില്ല. ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് ഹെലികോപ്ടറിലും ബോട്ടിലും ഭക്ഷണവും വെള്ളവും സംഭരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യവിഭാഗം ഒരു ലക്ഷം രൂപയുടെ ഭക്ഷണ പായ്ക്കറ്റുകള്‍ എത്തിച്ചു. ഡിആര്‍ഡിഒയും ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. കൂടുതല്‍ പ്രശ്നമുള്ള സ്ഥലങ്ങളില്‍ നിന്ന്  ഓരോ മണിക്കൂറിലും വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ നാലു മണിക്കൂറിലും രക്ഷാ പ്രവര്‍ത്തനവും മറ്റു കാര്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ലഭ്യമാക്കും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്നു രാവിലെ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. വൈകിട്ട് വീണ്ടും യോഗം ചേരും. 

ഓരോ മേഖലയിലും പ്രത്യേകമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിലും നല്ല ജാഗ്രത വേണം. 

പ്രളയബാധിതപ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള അധികൃതരുടെ നിര്‍ദേശം ചിലര്‍ പാലിക്കുന്നില്ല എന്നത് പ്രധാന പ്രശ്നമാണ്. കൂടുതല്‍ ആപത്ത് വരാതിരിക്കാന്‍ ഇത്തരം നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. 

നിലവില്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരത്തോളം പേരെ ഇന്നുതന്നെ രക്ഷപ്പെടുത്താനുള്ള അതിവിപുലമായ സജ്ജീകരണങ്ങള്‍ ഉണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

സംസ്ഥാനം നേരിടുന്ന ദുരന്തത്തിന്റെ ഗൗരവം പൂര്‍ണമായും ഉള്‍ക്കൊണ്ട പ്രതികരണമാണ് പ്രധാനമന്ത്രിയില്‍നിന്നും കേന്ദ്രമന്ത്രിമാരില്‍ നിന്നും ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

date