Skip to main content

മഴക്കെടുതി ദുരിതബാധിതര്‍ക്ക് ആശ്വാസമേകി മത്സ്യത്തൊഴിലാളി  സേനയും മത്സ്യഫെഡും

 

സംസ്ഥാനത്ത് പ്രളയ ദുരിതത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമേകാന്‍ മത്സ്യത്തൊഴിലാളികളും മത്സ്യഫെഡും രംഗത്ത്. 15 മുതല്‍ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദുരിതനിവാരണസെല്‍ മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുകയാണ്.

കൊല്ലം വാടി, നീണ്ടകര കടപ്പുറങ്ങളില്‍ നിന്ന് 15 മത്സ്യബന്ധനയാനങ്ങളും അവ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ തൊഴിലാളികളും പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. മത്സ്യഫെഡിന്റെ അംഗ സംഘങ്ങളില്‍പ്പെട്ട വലുതും ചെറുതുമായ 435 യാനങ്ങളും ഔട്ട്‌ബോര്‍ഡ് എന്‍ജിനുകളും 1804 മത്സ്യത്തൊഴിലാളികളും ദുരിതമേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട യാനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വേണ്ട ഡീസല്‍, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങള്‍ നിറയ്ക്കുന്നതിന് മത്സ്യഫെഡിന്റെ പമ്പുകള്‍ 24 മണിക്കൂറും തുറന്നു  കൊടുത്ത് ആവശ്യാനുസരണം ഇന്ധനം നല്‍കി. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതര്‍ക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്യുന്നതിനും മത്സ്യഫെഡും ജീവനക്കാരുടെ സംഘടനകളും പ്രവര്‍ത്തിച്ചു വരുന്നതായും മത്സ്യഫെഡ് അധികൃതര്‍ അറിയിച്ചു.

date