Skip to main content

വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും

ആലപ്പുഴ: വാട്ട്സ്സ ആപ്പിലും ഫെസ്ബുക്കിലും വെള്ളപ്പൊക്ക ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ നൽകുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വാട്ട്‌സ് ആപ്പിൽ ലഭിച്ച പല സന്ദേശങ്ങളും മറ്റും  അന്വേഷിച്ച് സ്ഥലത്ത് എത്തിയപ്പോൾ ഒന്നും കണ്ടെത്താനായില്ല. ഇത് ദുരിതാശ്വാസപ്രവർത്തനത്തിലേർപ്പെടുന്നവരുടെ വിലപ്പെട്ട സമയം കളയുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകളും സന്ദേശങ്ങളും  പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 

(പി.എൻ.എ 2331/2018)

തോട്ടപ്പള്ളി സ്പിൽവേ;

ഷട്ടറിന്റെ ഉയരം കൂട്ടി ഒഴുക്ക് വർധിപ്പിച്ചു

 

ആലപ്പുഴ: ജില്ലയിലെ ജലനിരപ്പ് താഴ്ത്തുകയെന്ന ലക്ഷ്യത്തോടെ തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറിന്റെ ഉയരം ഇറിഗേഷൻ വകുപ്പ്  വർധിപ്പിച്ചു. കൂടുതൽ വെള്ളം കടലിലേക്ക് ഒഴുകുന്നതിനാണിത്.തോട്ടപ്പള്ളി പൊഴിയുടെ  ആഴം കൂട്ടുകയും വീതി പരമാവധി വർധിപ്പിക്കുകയും ചെയ്തു.  മണ്ണുമാന്തിയും ഡ്രഡിജറും ഉപയോഗിച്ച് രണ്ടുദിവസമായി പൊഴിയുടെ ആഴം കൂട്ടുന്ന ജോലികൾ തുടർന്നുവരുന്നതായി ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ഹരൺബാബു അറിയിച്ചു.

(പി.എൻ.എ 2332/2018)

 

ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ

ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പ് നടത്തി

 

ആലപ്പുഴ:പുതുതായി ആലപ്പുഴ ആരംഭിച്ച മെഡിക്കൽ ക്യാമ്പുകളിൽ ജില്ലാ ഹോമിയോപ്പതി വകുപ്പിൻരെ ആഭിമുഖ്യത്തിൽ ഇന്നലെ മെഡിക്കൽ ക്യാമ്പ് നടത്തി. എസ്.ഡി.വി.സെൻട്രൽ സ്‌കൂൾ, ഗേൾസ് സ്‌കൂൾ, അമ്പലപ്പുഴ ഗവൺമെന്റ് കോളജ്, സെൻര് ആന്റണീസ് എന്നിവിടങ്ങളിലാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ ജില്ലാ ആശുപത്രിയിൽനിന്നുള്ളവരുൾപ്പടെ  ഏഴു ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. പരിശോധനയും മരുന്നുവിതരണവും നടത്തി.

(പി.എൻ.എ 2333/2018)

 

date