Skip to main content

തിരുവനന്തപുരത്ത് കുടിവെള്ളം മുടങ്ങുമെന്ന പ്രചാരണം വ്യാജം

 

** അരുവിക്കരയില്‍ പമ്പിങ് പൂര്‍ണ തോതില്‍
** ദുരിതാശ്വാസ ക്യാംപുകളിലടക്കം കുടിവെള്ളം ഉറപ്പുവരുത്തിയെന്നു 
വാട്ടര്‍ അതോറിറ്റി
** വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്
** ശുചിത്വം ഉറപ്പാക്കി പകര്‍ച്ചവ്യാധി സാധ്യത ഒഴിവാക്കാന്‍ നിര്‍ദേശം

അരുവിക്കര ഡാമില്‍ ചെളി നിറഞ്ഞതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളം മുടങ്ങുമെന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് വാട്ടര്‍ അതോറിറ്റി. അരുവിക്കരയില്‍നിന്നു ജലവിതരണം പൂര്‍ണതോതില്‍ നടക്കുന്നുണ്ടെന്നും ദുരിതാശ്വാസ ക്യാംപുകളിലടക്കം കുടിവെള്ളമെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായും വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജീനീയര്‍ അറിയിച്ചു.

കുടിവെള്ളവും വൈദ്യുതിയും മുടങ്ങുമെന്നുള്ള തെറ്റായ പ്രചാരണം സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നു കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു. ഇത്തരം വ്യാജ മെസെജുകള്‍ പ്രചരിപ്പിക്കാതെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളോടു സഹകരിക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. 

ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാംപുകളിലും ആറു മണിക്കൂര്‍ ഇടവിട്ട് മെഡിക്കല്‍ സംഘം പരിശോധന നടത്തണമെന്ന് കളക്ടര്‍ ആരോഗ്യ വകുപ്പിനു നിര്‍ദേശം നല്‍കി. ക്യാംപുകളുടേയും ടോയ്‌ലറ്റ് സംവിധാനങ്ങളുടേയും ശുചിത്വ നിലവാരം മെഡിക്കല്‍ സംഘം പരിശോധിച്ചു സാക്ഷ്യപത്രം നല്‍കണം. ഇത് എല്ലാ ദിവസവും വൈകിട്ട് അഞ്ചിനു മുന്‍പ് ജില്ലാ അടിയന്തര കാര്യ നിര്‍വഹണ കേന്ദ്രത്തിലെത്തിക്കണം. 

ദുരിതാശ്വാസ ക്യാംപുകളുടെയും ടോയ്‌ലറ്റുകളുടേയും ശുചിത്വ നിലവാരം ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. പ്രളയ ബാധിത മേഖലകളില്‍നിന്നു വെള്ളം ഇറങ്ങുമ്പോള്‍ മാലിന്യം അടിഞ്ഞു കൂടി പകര്‍ച്ചവ്യാധി സാധ്യതയുള്ളതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇവ ഉടന്‍ നീക്കം ചെയ്യണം. കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളടക്കം ഊര്‍ജിതമാക്കുന്നതിനും കളക്ടര്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.
(പി.ആര്‍.പി. 2110/2018)

date