Skip to main content

ദുരിതാശ്വാസ ക്യാമ്പുകളില്‍  എല്ലാ സഹായവും എത്തിയ്‌ക്കും: മന്ത്രി എ.സി.മൊയ്‌തീന്‍

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക്‌ എല്ലാ സഹായവും എത്തിയ്‌ക്കുമെന്നും ഒറ്റപ്പെട്ടുകിടക്കുന്നവരെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്‌തീന്‍ ചാലക്കുടി റസ്റ്റ്‌ ഹൗസില്‍ നടന്ന ദിരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തില്‍ പറഞ്ഞു.
ചാലക്കുടിയിലും മാളയിലും അന്നമനടയിലും മറ്റിടങ്ങളിലും ഒറ്റപ്പെട്ടുപോയവരെ രക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍പ്പോലുമുള്ളവരെ നാവികസേനയുടെ ഹെലികോപ്‌റ്ററുകള്‍ കണ്ടെത്തി രക്ഷപ്പെടുത്തുന്നുണ്ട്‌. എന്‍.ഡി.ആര്‍.എഫ്‌ ടീമുകളും ഫയര്‍ഫോഴ്‌സും മറ്റ്‌ സന്നദ്ധപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. കൂടാതെ വെള്ളം കയറിയ വീടുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വെള്ളമിറങ്ങിക്കഴിയുന്നതോടെ തീര്‍ക്കണം. മെഡിക്കല്‍ ടീം അതത്‌ സമയങ്ങളില്‍ ക്യാമ്പുകളിലെത്തി ചികിത്സ ഉറപ്പു വരുത്തണം. ആവശ്യമായ മരുന്നും നല്‍കണം. വൈദ്യുതി വിതരണം, ടെലഫോണ്‍ സംവിധാനങ്ങള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കണം. സപ്ലൈ ഓഫീസിലെ ഒരംഗത്തിന്റെ സേവനം ക്യാമ്പുകളില്‍ ഉറപ്പു വരുത്തണം. അടിയന്തിര സാഹചര്യം കണക്കിലെടുത്ത്‌ റേഷന്‍ കടകളില്‍ നിന്ന്‌ റേഷന്‍ സാധനങ്ങള്‍ നല്‍കണം. റേഷനിലെ പുതിയ സംവിധാനത്തിന്‌ പകരം ബില്ലെഴുതി നല്‍കിയാല്‍ മതിയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പെട്രോല്‍, ഡീസല്‍ വിതരണം സമയോചിതമായി ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഉദ്യോഗസ്ഥര്‍ ഡീസല്‍/പെട്രോള്‍ പമ്പുകാരുമായി ആശയം വിനിമയം നടത്തി അതിനാവശ്യമായ തീരുമാനം എടുക്കണം. ക്യാമ്പുകളുടെ പരിസരങ്ങളിലുള്ള കിണറുകളില്‍നിന്ന്‌ വെള്ളമെടുക്കണം. വെള്ളം ക്ലോറിനേറ്റ്‌ ചെയ്‌ത്‌ ശുദ്ധീകരിക്കണം. ഭക്ഷണം, വസ്‌ത്രങ്ങള്‍, പലവ്യജ്ഞനങ്ങള്‍, ബേബി ഫുഡ്‌ എന്നിവ എത്തിക്കണം. ഹാം റേഡിയോ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ ഫണ്ട്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉപയോഗിക്കണം. വൈദ്യുതി നിലച്ച സാഹചര്യം കണക്കിലെടുത്ത്‌ ജനറേറ്ററുകള്‍ കൃത്യമായ ആവശ്യങ്ങള്‍ക്ക്‌ മാത്രം ഉപയോഗിക്കണം. നിലവിലുള്ള ക്യാമ്പ്‌ സുരക്ഷിതമല്ലെങ്കില്‍ സുരക്ഷിതമായ സ്ഥലത്തേയ്‌ക്ക്‌ ക്യാമ്പ്‌ മാറ്റണം. പഞ്ചസാരയുടെ ദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ പഞ്ചസാര എത്തിക്കണം. സഹകരണ സ്റ്റോറുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
അന്നമനട, പൂവത്തുശ്ശേരി, പാലിശ്ശേരി ഭാഗങ്ങളില്‍ നേവിയുടെ ബോട്ടും മിലിട്ടറിയുടെ ബോട്ടും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. യോഗത്തില്‍ ബി.ഡി.ദേവസ്സി എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കൃഷി വകുപ്പു മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി ടി.പ്രദീപ്‌ കുമാര്‍, വൈസ്‌ ചെയര്‍പേഴ്‌സണ്‍, പഞ്ചായത്തു പ്രസിഡന്റുമാര്‍, ആര്‍.ഡി.ഒ തുടങ്ങിയവര്‍ പങ്കെടുത്തു.

date