Skip to main content

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എക്‌സൈസ് വകുപ്പും സജീവം

 

കേരളത്തിലെ  പ്രളയദുരിതമേഖലയില്‍  ആഗസ്റ്റ് 15 മുതല്‍ മൂവായിരത്തോളം എക്‌സൈസ് ഉദേ്യാഗസ്ഥര്‍ കലക്ടര്‍മാരുടെ കീഴില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.. 

എക്‌സൈസ് അക്കാഡമിയില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഉദേ്യാഗസ്ഥര്‍ പരിശീലനം നിര്‍ത്തി വെച്ച് എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഉദേ്യാഗസ്ഥരെ പത്ത് ടീമുകളായി തിരിച്ച് ഓരോ ടീമിലും 10, 20, 25 അംഗങ്ങള്‍ വീതം ഒരു ഓഫീസറുടെ കീഴില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലാ കലക്ടര്‍മാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് അയയ്ക്കുന്നു. 

വകുപ്പ് വാഹനങ്ങള്‍ ഏതു സമയത്തും  രക്ഷാപ്രവര്‍ത്തനം നടത്താനും ദുരിതബാധിത പ്രദേശങ്ങളില്‍ ആഹാരവും വെള്ളവും എത്തിക്കാനും നിര്‍ദ്ദേശം നല്‍കി.

വള്ളം, ബോട്ട് എന്നിവയില്‍ രക്ഷപ്പെടുത്തി കൊണ്ടുവരുന്നവരെ ദുരിതാശ്വാസക്യാമ്പുകളിലും ആശുപത്രികളിലും വകുപ്പ്തല വാഹനങ്ങളില്‍ എത്തിക്കുന്നുണ്ട്. ആലപ്പുഴജില്ലയിലെ തകഴിയില്‍ അറുന്നൂറോളം പ്രളയബാധിതര്‍ താമസിക്കുന്ന  ദുരിതാശ്വാസ  ക്യാമ്പില്‍ രണ്ടു ദിവസമായി ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന പരാതി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് ആലപ്പുഴജില്ലയിലെ എക്‌സൈസ് ഉദേ്യാഗസ്ഥര്‍ അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുത്തു. ഫയര്‍ഫോഴ്‌സ് ഉദേ്യാഗസ്ഥരുടെ സഹായത്തോടെ ബോട്ടില്‍ പത്തനംതിട്ട ജില്ലയിലെ  എക്‌സൈസ് ഉദേ്യാഗസ്ഥര്‍ 45 പേരെ രക്ഷപ്പെടുത്തി.  

എക്‌സൈസ് കമ്മീഷണറുടെ ഔദേ്യാഗിക ഫോണിലേയ്ക്കു മാത്രമായി സഹായം അഭ്യര്‍ത്ഥിച്ചു വന്ന എഴുപത്തിഅഞ്ചോളം കോളുകള്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ഉടനടി അതാത് ജില്ലാ എക്‌സൈസ് മേധാവികളെയും ബന്ധപ്പെട്ട മറ്റ് ഉദേ്യാഗസ്ഥരേയും അറിയിച്ചു.   കണ്ണൂര്‍ ജില്ലയില്‍ പമ്പറപ്പാന്‍ പാലത്തിന്റെ പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍  സൈന്യത്തോടൊപ്പം എക്‌സൈസ് ഉദേ്യാഗസ്ഥരും പ്രവര്‍ത്തിച്ചു. 

പി.എന്‍.എക്‌സ്.3674/18

date