Skip to main content

രാമങ്കരിയിലെ ജനങ്ങളെ കോട്ടയം ജില്ലയിലെ  ക്യാമ്പുകളിലേക്ക് മാറ്റുന്ന ദൗത്യം തുടരുന്നു: കളക്ടര്‍

 

ആലപ്പുഴ ജില്ലയിലെ രാമങ്കരി പ്രദേശത്ത് വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ജനങ്ങളെ ചങ്ങനാശ്ശേരിയിലും  ജില്ലയിലെ മറ്റു  ഇടങ്ങളിലും മാറ്റിപ്പാര്‍പ്പിക്കുന്ന ശ്രമകരമായ ദൗത്യമാണ് ജില്ലാ ഭരണകൂടം ഇപ്പോള്‍ നടത്തി വരുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി പറഞ്ഞു. ആലപ്പുഴ ജില്ലയുമായി ബന്ധം വിഛേദിക്കപ്പെട്ട ഈ പ്രദേശത്തെ വീടുകളെ സംബന്ധിച്ചും എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നും പൂര്‍ണ്ണ വിവരം അറിവായിട്ടില്ല. ഇന്നലെ രാത്രി മുതല്‍ നേവിയും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ചങ്ങനാശ്ശേരിയിലെ വിവിധ   സ്‌കൂള്‍, കോളേജുകളിലാണ് ഇവര്‍ക്ക് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. അവിടേക്ക് ആഹാരസാധനങ്ങള്‍ എത്തിച്ചു കൊണ്ടിരിക്കുന്നു. ധാരാളം സന്നദ്ധ സംഘടനകള്‍ സഹകരണവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ചൈതന്യ സെന്റര്‍, മണര്‍കാട് പളളി, പാമ്പാടി ഗുഡ്വില്‍ സെന്റര്‍ എന്നിവയുടെ ഹാളുകള്‍ ക്യാമ്പിനായി തുറന്നു നല്‍കിയിട്ടുണ്ട്. ആയരിക്കണക്കിന് ജനങ്ങളെയാണ് ഇവിടേക്ക് മാറ്റേണ്ടി വരുക. ജനങ്ങളുടെ പൂര്‍ണ്ണമായ സഹായ സഹകരണം അനിവാര്യമാണ്. 

കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ പതുക്കെയാണ് ജലനിരപ്പ്                 ഉയരുന്നത്. ജലനിരപ്പ് ഉയരാനുളള സാധ്യത മുന്നില്‍ക്കണ്ട് പേരൂര്‍, പൂവത്തുംമൂട് പ്രദേശങ്ങളില്‍ റവന്യു ഉദ്യോഗസ്ഥര്‍ നേരിട്ട് ക്യാമ്പിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരുന്നു. ജനങ്ങള്‍ പലരും തയ്യാറാകാത്ത അവസ്ഥയുണ്ടായി. ഇന്നലെ                    (ഓഗസ്റ്റ് 16) ഇവര്‍ ഒറ്റപ്പെടുകയും ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ബോട്ട് എത്തിച്ച് ശ്രമകരമായി രക്ഷാപ്രവര്‍ത്തനം നടത്തേണ്ടി വന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഗൃഹാതുരത്വം ഒഴിവാക്കി ജനങ്ങള്‍ ഉദ്യോഗസ്ഥരോട് പൂര്‍ണ്ണമായും സഹകരിക്കണം.

 പരിഭ്രാന്തിയുണ്ടാക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ സംവിധാനത്തിലൂടെ ലഭിക്കുന്ന വാര്‍ത്തകള്‍ മാത്രമേ വിശ്വസിക്കാവൂ എന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി അറിയിച്ചു. ജില്ലയില്‍ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ 275 ക്യാമ്പുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തുറന്നു. 9722 കുടുംബങ്ങളില്‍ നിന്നായി 33346 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. 300 വോളണ്ടിയര്‍മാര്‍ അടങ്ങുന്ന സംഘം സജീവമായി ക്യാമ്പുകളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഡിഎംഒയുടെ നേത്യത്യത്തില്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളും ക്യാമ്പുകളിലുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും വരുന്ന തെറ്റായ വാര്‍ത്തകള്‍ വിശ്വസിച്ച് പെട്രോളും മറ്റും അധികമായി സംഭരിക്കുന്ന പ്രവണത ഒഴിവാക്കണം. വെള്ളപൊക്കം കാണാന്‍ പോകുന്ന ശീലം തീര്‍ത്തും ഉപേക്ഷിക്കുക. എല്ലാ വകുപ്പുകളും പരിപൂര്‍ണ്ണ സഹകരണത്തോടെ ദുരന്തം മറികടക്കാന്‍ നമ്മോടൊപ്പമുണ്ട് എന്നും കളക്ടര്‍ പറഞ്ഞു.

date