Skip to main content

എൻ.ഡി.ആർ.എഫിന്റെ സംഘം രംഗത്ത്

 

രാമങ്കരി, മുട്ടാർ പ്രദേശങ്ങളിലും പുളിങ്കുന്ന് കാവാലത്തും എൻ.ഡി.ആർ.എഫിന്റെ ഓരോ സംഘത്തെ രാവിലെ തന്നെ നിയോഗിച്ചു.പുലർച്ചെ തന്നെ കുട്ടനാട്ടിൽ പ്രളയക്കെടുതിയിൽപ്പെട്ട് അവശേഷിക്കുന്നവരെ കരയ്‌ക്കെത്തിക്കുന്നതിനായി ഫിനിഷിങ് പോയിന്റിൽ നിന്നും മാതാജെട്ടിയിൽ നിന്ന് ബോട്ടുകൾ പോയിത്തുടങ്ങിയിരുന്നു.  മുട്ടാർ, രാമങ്കരി ഭാഗത്തേക്ക് എൻ.ഡി.ആർ.എഫിൻര രണ്ടാമത്തെ സംഘത്തെയും നിയോഗിച്ചു. ലഭ്യമായ ശിക്കാരകളും ഹൗസ്‌ബോട്ടുകളും തലവടി, എടത്വ, മുട്ടാർ ഭാഗങ്ങളിലേക്ക് അയച്ചുകൊണ്ടിരുന്നതിനാൽ രക്ഷാപ്രവർത്തന വേഗത്തിലാക്കാനായി.  രാത്രി വൈകിയും പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ചും രക്ഷാപ്രവർത്തകർ ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്. പുളിങ്കുന്നിൽ ഒഴിപ്പിക്കൽ ഇന്നലെ രാവിലെ ആറുമണിക്ക് തുടങ്ങി. തിരുവനന്തപുരത്തുനിന്ന് വന്ന ഒരുലോഡ് മരുന്ന് ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. ഇത്  ഉടനെ വിവിധ കേന്ദ്രങ്ങളിലേക്ക് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
 

ചെങ്ങന്നൂരിൽ ഹെലികോപ്റ്റർ എത്തി,
രക്ഷാപ്രവർത്തനം വേഗത്തിലായി

ചെങ്ങന്നൂരിൽ ഇന്നലെ രാവിലെ തന്നെ നാല്  ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനെത്തി. ചെങ്ങന്നൂരിൻരെ വിവിധ ഭാഗങ്ങളിൽ ഭക്ഷണപ്പാക്കറ്റുകൾ വിതരണം ചെയ്തു. ചെങ്ങന്നൂർ ഭാഗങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കൾ പരമാവധി സംഭരിച്ച് നൽകാൻ സപ്ലൈ ഓഫീസർമാർക്ക് ജില്ലാ കളക്ടർ  നിർദ്ദേശം നൽകി. കൊല്ലം സപ്ലൈ ഓഫീസറോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. നാല് ദുരന്ത നിവാരണ സേനയുടെ സംഘത്തെക്കൂടി ജില്ലയിലേക്ക് ഇന്നലെ ദൗത്യത്തിനായി ലഭിച്ചു.  
(പി.എൻ.എ 2344/2018)

കുട്ടനാട് താലൂക്കിലേക്ക് നേവിയുടെ സഹായവും
കൂടുതൽ സേനയും ആവശ്യപ്പെട്ട് ജില്ലാകളക്ടർ

ജില്ലയിൽ അതിരൂക്ഷമായ വെള്ളപ്പൊക്കം മൂലം കഷ്ടപ്പെടുന്ന കുട്ടനാട് താലൂക്കിലെ ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നതിന്  നേവിയുടെയും കൂടുതൽ സേനയുടെയും സഹായം തേടി ജില്ലാ കളക്ടർ എസ്.സുഹാസ് സർക്കാരിന് കത്ത് അയച്ചു. കൂടുതൽ രക്ഷാദൗത്യത്തിന് ഇത് അടിയന്തിരമായി ആവശ്യമുണ്ട്. ഒരേ സമയം ബോട്ട് ഉപയോഗിച്ചും എയർലിഫ്റ്റിങ് വഴിയും ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ട്. അടിയന്തിരപ്രാധാന്യത്തോടെ ഏകദേശം 200-ലധികം ബോട്ടുകൾ രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടുവെങ്കിലും ശക്തമായ വെള്ളപ്പാച്ചിൽ മൂലം നിലവിലുള്ള ജനങ്ങളെ രക്ഷപെടുത്തുന്നതിന് ബുദ്ധിമുട്ടുകൾ ഏറിവരികയാണ്. ഏകദേശം 1000-ലധികം കുടംബങ്ങളുടെ ജീവൻ രക്ഷപെടുത്തുന്നതിനായി നേവിയുടെയും കൂടുതൽ സേനാവിഭാഗത്തിന്റെയും ആവശ്യം ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. 
(പി.എൻ.എ 2345/2018)

date