Skip to main content

സഹായങ്ങളെ നന്ദിയോടെ സ്മരിച്ച് മുഖ്യമന്ത്രി

 

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ സഹായിച്ച എല്ലാ മേഖലയിലുള്ളവര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം നല്ലരീതിയില്‍ പൂര്‍ത്തികരിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും സേവനതത്പരതയുടെയും അടിത്തറയാണ് സമാനതകളില്ലാത്തപ്രതിസന്ധിയെ മറികടക്കാന്‍ കരുത്തായത്. അപൂര്‍വം ചില സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരേണ്ടിവരും. 

രക്ഷാപ്രവര്‍ത്തനത്തിന് വിവിധതരം സഹായങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദര്‍ശിച്ച് അടിയന്തര സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ സഹായങ്ങള്‍ നല്‍കാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. 

രക്ഷാ പ്രവര്‍ത്തനത്തിന് സംസ്ഥാനത്തെ സഹായിക്കുന്നതിന് എല്ലാ തലത്തിലുമുള്ള സഹായവും ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായി.

 പ്രവാസികള്‍ വലിയ സഹായവും സംഭാവനയുമാണ് ദുരിതാശ്വാസത്തിന് നല്‍കിയിട്ടുള്ളത്. അവരുടെ സ്‌നേഹസമ്പൂര്‍ണമായ സഹായത്തിന് നന്ദി രേഖപ്പെടുത്തുന്നു. വസ്ത്രങ്ങളും മറ്റും അവിടെ നിന്ന് അയക്കുന്നതിന് പലരും സന്നദ്ധത അറിയിക്കുന്നുണ്ട്. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ട് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണ് ചെയ്യേണ്ടത്.

കേരളത്തിന്റെ ദുരന്തം തങ്ങളുടെ സഹോദരങ്ങള്‍ക്ക് സംഭവിച്ച ദുരിതമാണെന്ന കാഴ്ചപ്പാടോടെയാണ് സഹായഹസ്തവുമായി വിവിധ സംസ്ഥാനസര്‍ക്കാരുകളും സംഘടനകളും എത്തിയത്. അവരെയും സ്‌നേഹത്തിന്റെ ഭാഷയില്‍ അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഈ ദുരന്തത്തിന്റെ വിവിധ വശങ്ങളെ സൂചിപ്പിക്കുകയും ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന തരത്തിലും സര്‍ക്കാരിന്റെ ഇടപെടലുകളെ ജനങ്ങളിലെത്തിക്കുന്നതിലും മാധ്യമങ്ങള്‍ മികച്ച പങ്ക് വഹിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങളുടെ സഹായത്തെ നന്ദിയോടെ സര്‍ക്കാര്‍ സ്മരിക്കുന്നു. പുനരധിവാസ പ്രവര്‍ത്തനത്തിന് പ്രത്യേകിച്ച് ശുചിത്വം, ആരോഗ്യം എന്നീ മേഖലകളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനും മാധ്യമങ്ങളില്‍നിന്ന് ഏറെ സഹായം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

മഹാദുരന്തം ഉണ്ടായപ്പോള്‍ അതിജീവിക്കാന്‍ കഴിയുമോ എന്ന ആശങ്കകളെ അസ്ഥാനത്താക്കി നാടിനെ സംരക്ഷിക്കാന്‍ നമുക്കായി. ഈ സാഹചര്യം സൃഷ്ടിച്ചത് രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെട്ട വിവിധ മേഖലയില്‍പെട്ടവരായിരുന്നു. അത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വിവിധ സേനാവിഭാഗങ്ങളില്‍പെട്ടവരോടും സന്ന പ്രവര്‍ത്തകരോടുമുള്ള കടപ്പാടും നന്ദിയും കേരള സമൂഹത്തിനുവേണ്ടി രേഖപ്പെടുത്തുന്നു.

രാപ്പകലില്ലാതെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ജീവനക്കാരുണ്ട്. റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ്, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ആരോഗ്യം തുടങ്ങിയ ഒട്ടേറെ വകുപ്പുകളിലെ സഹപ്രവര്‍ത്തകരെയും നന്ദിയോടെ സ്മരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ നല്ല നിലയില്‍ ജനങ്ങളുമായി ഇടപെട്ട് അവരുടെ ആശങ്കകള്‍ അകറ്റി മുന്‍നിരയില്‍ ഉണ്ടായിരുന്നു. ഇനിയുമേറെ ഉത്തരവാദിത്തങ്ങള്‍ മുമ്പിലുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളും വിലമതിക്കാനാവാത്തതാണ്.

വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് ഇടപെട്ട ഭരണ-പ്രതിപക്ഷ എം.എല്‍.എമാരും രക്ഷാ പ്രവര്‍ത്തനത്തിന് വലിയ സഹായമാണ് നല്‍കിയത്. വിവിധ മേഖലയിലെ പ്രശ്‌നങ്ങള്‍ ഇവര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി വിവിധ സ്ഥാപനങ്ങളും സഹകരിച്ചു. മിനിമം ബാലന്‍സ് ഒഴിവാക്കി ബാങ്കുകള്‍ ഇതുമായി സഹകരിച്ചു. മൊബൈല്‍ സര്‍വീസുകള്‍ നല്‍കുന്ന കമ്പനികള്‍ സഹകരിച്ചിട്ടുണ്ട്. 

സേനാവിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് നല്‍കിയ സഹായം വിലമതിക്കാനാവാത്തതാണ്. രക്ഷാദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ആതിഥേയ മര്യാദയും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുംവിധം യാത്രയയപ്പ് നല്‍കും. ഈ ദുരന്തത്തില്‍ സാങ്കേതികസഹായങ്ങളുടെ പിന്തുണയില്ലാതിരുന്നിട്ടും തങ്ങളുടെ അനുഭവവും മനുഷ്യസ്‌നേഹവും കരുത്താക്കിയാണ് മത്സ്യത്തൊഴിലാളികള്‍ ഇടപെട്ടതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആകസ്മികമായ വിയോഗത്തില്‍ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ സ്വന്തം ജീവനേക്കാള്‍ സഹജീവികളുടെ ജീവന് പ്രാധാന്യം നല്‍കവേ ജീവന്‍ നഷ്ടപ്പെട്ടപ്പെട്ടവരുടെ മനുഷ്യസ്‌നേഹത്തെ ആദരവോടെ സര്‍ക്കാര്‍ കാണുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

date