Skip to main content

പ്രളയബാധിതപ്രദേശങ്ങള്‍ ശുചീകരിക്കാന്‍ വാര്‍ഡ്തലത്തില്‍ സമിതി രൂപീകരിക്കും. 

 

പ്രളയബാധിത സ്ഥലങ്ങളിലെ വീടുകളും പരിസരങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചിയാക്കി പൂര്‍വസ്ഥിതിയിലാക്കുന്നതിനു വാര്‍ഡ് തലത്തില്‍ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതായി ഹരിതകേരള മിഷന്‍ വൈസ് ചെയര്‍ പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു. ഹരിതകേരളം, ശുചിത്വ മിഷന്‍, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ഇതിനുവേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കും. 

വീടുകളിലേക്ക് തിരിച്ചെത്തി താമസമാരംഭിക്കുന്നതിന് വന്‍തോതിലുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡുതലത്തില്‍ ആരോഗ്യവകുപ്പിന്റെ സാനിറ്റേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടീമുകളുണ്ടാക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ള വീടുകളുടെ കണക്കെടുത്ത് ആവശ്യമായ ശുചീകരണ വസ്തുക്കള്‍, പണിയായുധങ്ങള്‍ എന്നിവ ലഭ്യമാക്കും. 

തൊഴിലുറപ്പു പ്രവര്‍ത്തകരുടെയും സന്നദ്ധ, യുവജന സംഘടനകളുടെയും സഹകരണം ഈ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കുമെന്നും ഹരിതകേരളമിഷന്‍ വൈസ് ചെയര്‍ പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു. 

date