Skip to main content

ഇന്ധനക്ഷാമം: കുപ്രചരണമെന്ന് കമ്പനികള്‍

 

മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ ഇന്ധനക്ഷാമമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നു അധികൃതര്‍. പ്രവര്‍ത്തന സജ്ജമായ എല്ലാ ഡീലര്‍മാരുടെ ഔട്ട്‌ലെറ്റുകളിലേക്കും ഇന്ധനം കയറ്റി അയച്ചതായി പ്രമുഖ കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും കൊച്ചി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. എസ്സര്‍ ഗ്രൂപ്പിന്റെ എല്ലാ പമ്പുകളും മഴക്കെടുതി സമയത്തും തുറന്നു പ്രവര്‍ത്തിച്ചതായി ഡീലര്‍മാര്‍ പറഞ്ഞു. നിലവില്‍ മഴക്കെടുതിയെ തുടര്‍ന്നു വെള്ളം കയറി പ്രവര്‍ത്തന രഹിതമായ ഔട്ട്ലെറ്റുകളില്‍ മാത്രമാണ് ഇന്ധനം നിറയ്ക്കുന്നതിനു ബുദ്ധിമുട്ടുള്ളത്. സ്വന്തമായി ഇന്ധനം എത്തിക്കാന്‍ വണ്ടികളില്ലാത്ത ഡീലര്‍മാരും നേരിയ തോതില്‍ ഇന്ധന ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ഇവര്‍ കൂടുതലായും എറണാകുളത്തു പ്രവര്‍ത്തിക്കുന്ന കരാര്‍ വാഹനങ്ങളാണ് ഇന്ധനമെത്തിക്കാന്‍ ഉപേയാഗിച്ചിരുന്നത്. മഴയെത്തുടര്‍ന്നു റോഡ് ഗതാഗതം നിലച്ചതാണ് ഇവരെ ബാധിച്ചത്. എന്നാല്‍ റോഡ് ഗതാഗതം പുനസ്ഥാപിച്ചു തുടങ്ങിയതോടെ ഇന്ധനം ഇത്തരം കേന്ദ്രങ്ങളിലും ഉടനെത്തും. മറ്റു ബങ്കുകളില്‍ ഇന്ധനം ലഭ്യമാണ്. മഴ തുടങ്ങിയതു മുതല്‍ പമ്പുകളില്‍ ഇന്ധനമില്ലെന്ന രീതിയില്‍ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പരന്നിരുന്നു. ഇതു വിശ്വസിച്ചു പമ്പുകളില്‍ വന്‍തിരിക്ക് അനുഭവപ്പെടുകയും ഉണ്ടായി. സാമൂഹിക മാധ്യമങ്ങള്‍ വഴി കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നു ജില്ലാ ഭരണക്കൂടം വ്യക്തമാക്കി.

 

date