Skip to main content

ദുരന്തമുഖത്ത് കര്‍മനിരതരായി പൊലിസന്റെ 700 സേനാംഗങ്ങള്‍

 

ജില്ല അതിരൂക്ഷമായ പ്രളയക്കെടുതി നേരിട്ടപ്പോള്‍ ദുരന്തമുഖത്ത് ആശ്വാസമായ് 700 പൊലീസ് സേനാംഗങ്ങളെ വിന്യസിച്ചിരുന്നതായി ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ പറഞ്ഞു. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിലും ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിലും പൊലീസ് വകുപ്പ് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 14 ന് രാത്രി മുന്നറിയിപ്പ് ലഭിച്ചത് മുതല്‍ റാന്നി താലൂക്കില്‍ മൈക്ക് അനൗന്‍സ്‌മെന്റിലൂടെ ജനങ്ങളെ വിവിരങ്ങള്‍ അറിയിക്കുന്നതിന് പൊലീസ് സംവിധാനം ഒരുക്കി. മൊബൈല്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതോടെ പോലീസിന്റെ വയര്‍ലസ് സെറ്റിന്റെ സഹായത്താലാണ്  ഫീല്‍ഡ് തല ഓഫീസര്‍മാരുമായി കണ്‍ട്രോള്‍ റൂമില്‍ നിന്നും ബന്ധപ്പെട്ടിരുന്നത്. നെഹ്‌റുട്രോഫി വള്ളംകളിയുടെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന 50 പൊലീസ് സേനാംഗങ്ങള്‍ പരിശീലനം നിര്‍ത്തി ആലപ്പുഴയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയത് നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സഹായിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവരുടെ വീടുകളുടെയും ക്യാമ്പുകളുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ സേനാംഗങ്ങള്‍ വ്യാപൃതരായിട്ടുള്ളത്. ജില്ലയില്‍ 44 ഗ്രൂപ്പുകളിലായി 24 മണിക്കൂറും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. ക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആത്മവിശ്വാസം പകരുന്നതിന് 120 വനിത പൊലീസ് ട്രെയിനികളെ വിവിധ ക്യാമ്പുകളില്‍ നിയമിച്ച് ഹെല്‍പ് ഡെസ്‌കുള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും മാലിന്യ നിര്‍മാര്‍ജനത്തിനുമാണ് പൊലീസ് ഇനി മുന്‍ഗണന നല്‍കുക. രക്ഷാപ്രവര്‍ത്തനത്തില്‍ കാണിച്ച അതേ ഊര്‍ജത്തോടെ ജില്ലയെ വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പൊലീസ് സേന ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

date