Skip to main content

സ്‌കൂളുകൾ പഴയപടിയാക്കണമെന്ന്  സ്‌പെഷൽ ഓഫീസർ

 

 

ആലപ്പുഴ: പ്രളയക്കെടുതിയിൽ ക്യാമ്പുകളായി പ്രവർത്തിക്കുന്ന 180 സ്‌കൂളുകൾ  ക്യാമ്പ് കഴിയുമ്പോൾ പഴയതുപോലെ തന്നെ വൃത്തിയാക്കി നൽകണമെന്ന് സ്പെഷ്യൽ ഓഫീസർ എൻ.പദ്മകുമാർ നിർദേശിച്ചു. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുമായി നടത്തിയ ആരോഗ്യ ജാഗ്രത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

രണ്ടാഴ്ച കഴിയുമ്പോൾ ജില്ലയിൽ പകർച്ച വ്യാധികൾക്ക്  സാധ്യത മുൻകൂട്ടി കണ്ട്   ജാഗ്രത  ഊർജിതമാക്കണം. ക്യാമ്പുകളിൽ കഴിയുന്നതും അല്ലാത്തവരുമായ പ്രളയബാധിതർ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. പാർപ്പിടങ്ങൾ വേഗം പുനസ്ഥാപിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. വെള്ളം ക്ലോറിനേറ്റ് ചെയ്യു നടപടികളുൾപ്പെടെ ഊർജിതമാക്കാനും നിർദ്ദേശം നൽകി. 

കുടുംബശ്രീ, സാമുഹ്യനീതി വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന കൗൺസിലിങ്ങുകൾ ഒരുമിച്ച് നടത്തണം. വെള്ളമൊഴിയുന്നതോടെ റോഡുകളിലെ കുഴികളടച്ച് പൂർണമായും സഞ്ചാരയോഗ്യമാക്കുമെന്ന് ദേശീയ പാത നിരത്തു വിഭാഗം അറിയിച്ചു. കന്നുകാലികൾക്കുള്ള  നഷ്ടപരിഹാരം വേഗത്തിലാക്കണം. ക്യാമ്പുകളിൽ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പട്ടിക തയ്യാറാക്കാൻ ലേബർ ഓഫീസർക്ക് നിർദേശം നൽകി. 

ശുചീകരണ പ്രവർത്തനങ്ങൾക്ക് ഐ.സി.ഡി.എസ് പ്രവർത്തകരെയും ചുമതലപ്പെടുത്തും. മെഡിക്കൽ കോളേജ്  വിദ്യാർഥികളെ ഉൾപ്പെടുത്തി എല്ലാ ക്യാമ്പുകളിലും  രോഗികളെ പരിചരിക്കാൻ സംവിധാനമൊരുക്കണമെന്നും ആവശ്യപ്പെട്ടു. 80 പാടശേഖരങ്ങളിൽ മടവീണ് കൃഷി വകുപ്പ് അറിയിച്ചു. പാടശേഖരങ്ങളിലെ വെള്ളമിറങ്ങാൻ പുതിയ മോട്ടറുകൾ സ്ഥാപിക്കും. 10,495 ഹെക്ടർ കൃഷിയാണ് നശിച്ചത്. പൂർണമായും സ്ഥാവര ജംഗമ വസ്തുക്കൾ നഷ്ടപ്പെട്ട വയോധികർക്ക് വരുമാനം കിട്ടുന്ന തരത്തിലുള്ള  പ്രോജക്ടുകൾ നടപ്പിലാക്കാൻ പദ്ധതി ആവിഷ്‌കരിക്കണം. 

 

(പി.എൻ.എ 2389/2018)

date