Skip to main content

ബ്ലീച്ചിംഗ് പൗഡറിന്റെ അമിതഉപയോഗം പാടില്ല

 

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വെള്ളം ഇറങ്ങിയശേഷം ചെളിനിറഞ്ഞ് നില്‍ക്കുന്ന പ്രദേശങ്ങളില്‍ അമിതമായി ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. ബ്ലീച്ച് ലായനി ഉപയോഗിച്ച് വൈദ്യുതി ഉപകരണങ്ങള്‍ ഒഴികെ തറ, ഭിത്തി, സീലിംഗ്, തടി, പ്ലാസ്റ്റിക്, ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍ എന്നിവ വൃത്തിയാക്കാം. കിണറുകളും ഭൂമിക്കടിയില്‍ ഉള്‍പ്പെടെയുള്ള ജലസംഭരണികളും സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്ത് മാത്രമേ ഉപയോഗിക്കാവൂ. 

സൂപ്പര്‍ ക്ലോറിനേഷന്‍  ചെയ്യേണ്ടവിധം

കിണറിലെ/ജലസംഭരണിയിലെ വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തുക. ആയിരം ലിറ്റര്‍ ജലത്തിന് അഞ്ച് ഗ്രാം എന്ന തോതില്‍ ബ്ലീച്ചിംഗ് പൗഡര്‍ ബക്കറ്റില്‍ എടുത്ത് കുഴമ്പ് പരുവത്തിലാക്കണം. തുടര്‍ന്ന് മുക്കാല്‍ ഭാഗത്തോളം വെള്ളമൊഴിച്ച് നന്നായി കലക്കിയശേഷം 10 മിനിട്ട് തെളിയുന്നതിനായി വയ്ക്കണം. തെളിഞ്ഞ ലായനി മറ്റൊരു ബക്കറ്റിലോ തൊട്ടിയിലോ പകര്‍ന്ന് കിണറ്റിലേക്ക് നന്നായി ഇടിച്ചുതാഴ്ത്തണം. ഒരു മണിക്കൂ ര്‍ സമയത്തിന് ശേഷം ഈ വെള്ളം ഉപയോഗിക്കാം. 

സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്താലും വെട്ടിത്തിളപ്പിച്ച് ആറിച്ചശേഷം മാത്രമേ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാവൂ. ജലസംഭരണികളും കിണറുകളും ആഴ്ചയില്‍ രണ്ട് ദിവസം എന്ന രീതിയില്‍ രണ്ട് മാസം വരെ സൂപ്പര്‍ക്ലോറിനേഷന്‍ നടത്തണം. സൂപ്പര്‍ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് അതത് പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.          (പിഎന്‍പി 2338/18)

date