Skip to main content

പ്രതിസന്ധികള്‍ക്കിടയിലും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിച്ചു

 

പ്രളയം വിതച്ച പ്രതിസന്ധികള്‍ക്കിടയിലും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിച്ചു. പത്തനംതിട്ടയില്‍ നിന്ന് ആരംഭിക്കുന്ന എല്ലാ സര്‍വീസുകളും ഇന്നലെ മുതല്‍ പുനസ്ഥാപിച്ചു. ജീവനക്കാരുടെ അപര്യാപ്തതയും, ബസുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്കുമിടയിലാണ് സര്‍വീസ് പൂര്‍വസ്ഥിതിയിലാക്കിയിരിക്കുന്നത്. പതിനഞ്ചാം തീയതി മുതല്‍ പതിനെട്ടാം തീയതി വരെയുള്ള നാല് ദിവസങ്ങളിലാണ് സര്‍വീസ് മുടങ്ങിയത്.  പ്രളയം രൂക്ഷമായത് രാത്രിയിലാതിനാല്‍ സര്‍വീസുകള്‍ പലയിടത്തും ഇടയ്ക്ക് വച്ച് നിര്‍ത്തേണ്ടി വന്നു. പിന്നീട്  വെള്ളം ഇറങ്ങിയതിന് ശേഷമാണ് ബസുകളൊക്കെ തിരിച്ച് പത്തനംതിട്ട ഡിപ്പോയിലെത്തിയത്. വയനാട്ടിലേക്കും പെരുമ്പാവൂരേക്കും സര്‍വീസുകള്‍ നടത്തിയ വണ്ടികള്‍ ബ്ലോക്കാകുകയും പത്തനംതിട്ടയില്‍ നിന്ന് മംഗലാപുരം, തിരുനെല്‍വേലി, മൈസൂര്‍  പോയ വണ്ടികളുടെ സര്‍വീസ് മുടങ്ങുകയും ചെയ്തിരുന്നു. പ്രളയം മൂലം കെ.എസ്.ആര്‍.ടി.സിക്ക് ജില്ലയില്‍ മാത്രം ഒരു കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്. പത്തനംതിട്ട ഡിപ്പോയില്‍ വെള്ളം കയറിയില്ലെങ്കിലും ജില്ലയില്‍ പലയിടത്തും റോഡുകള്‍ വെള്ളത്തിനടിയിലായതിനാല്‍ സര്‍വീസുകള്‍ക്ക് മുടക്കം വരുകയായിരുന്നു. റാന്നി ഡിപ്പോയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഡിപ്പോ പൂര്‍ണമായും വെള്ളത്തിനടിയിലായത് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ ചെറുതല്ല. ഇത് പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ റാന്നി ഡിപ്പോയിലെ സര്‍വീസുകളുള്‍പ്പെടെ പത്തനംതിട്ട ഡിപ്പോയില്‍ നിന്നാണ് ഏകോപിപ്പിക്കുന്നത്. പന്തളം ഡിപ്പോയില്‍ വെള്ളം കയറിയിരുന്നുവെങ്കിലും ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന്  ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെത്തിയാണ് പ്രളയസമയത്ത് ജില്ലയില്‍ ജോലി ചെയ്തിരുന്നത്. കൂടാതെ  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിപ്പോയില്‍ നിന്ന് ആവശ്യനുസരണം ബസുകള്‍ വിട്ടുകൊടുത്തിരുന്നു, ബസുകളില്‍ അവശ്യസാധനങ്ങള്‍ ശേഖരിച്ച് ക്യാമ്പുകളിലെത്തിക്കുകയും ചെയ്തിരുന്നുവെന്ന് ഡി.ടി.ഒ ആര്‍. മനേഷ് പറഞ്ഞു.

        (പിഎന്‍പി 2341/18)

date