Skip to main content

സര്‍ക്കാരിന്റെ ഏറ്റവും വലിയ സ്വപ്നം പൂവണിഞ്ഞു:  മന്ത്രി മേഴ്‌സിക്കുട്ടിയമ്മ 

 

    നിര്‍ധനരും നിരാലംബരുമായ മത്സ്യത്തൊഴിലാളികളെ ഉറപ്പും ഭംഗിയുമുള്ള ഭവനങ്ങളിലേയ്ക്ക് പുനരധിവസിപ്പിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ വലിയ സ്വപ്നമാണ് പൂവണിയുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ.  അഞ്ചുതെങ്ങില്‍ മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  
    മത്സ്യത്തിന് ന്യായവില ലഭ്യമാക്കുക, മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നീ രണ്ട് വിഷയങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാരും ഫിഷറീസ് വകുപ്പും പ്രാധാന്യം നല്‍കിയത്.  കേരള ചരിത്രത്തിലാദ്യമായിട്ടാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഭൂമി വാങ്ങുന്നതിനും അവിടെ വീട് നിര്‍മിക്കുന്നതിനുമുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.  
    ഒരു കുടുംബത്തിന് രണ്ട് മുതല്‍ മൂന്ന് സെന്റ് വരെ ഭൂമി വാങ്ങി ഭവനം നിര്‍മിക്കുന്നതിന് പത്ത് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.  ഇതിനു പുറമേ കാരോട് ഒരു ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ട്.  മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി മുട്ടത്തറയില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന 192 വീടുകളുള്ള 24 ഫ്‌ളാറ്റുകളുടെ സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.  പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ഹാള്‍, അങ്കണവാടി, ചുറ്റുമതില്‍, പൂന്തോട്ടം എന്നിവയുടെ പണികള്‍ കൂടി പൂര്‍ത്തിയാക്കി 2018 ജനുവരിയില്‍ ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേ്യശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.  ഗുണഭോക്താക്കള്‍ക്കുള്ള ആധാരം, ഭവനനിര്‍മാണ ധനസഹായം എന്നിവയും മന്ത്രി വിതരണം ചെയ്തു.      
    നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷനായ ചടങ്ങില്‍ ഡോ. എ. സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ്, ജനപ്രതിനിധികള്‍, ഫിഷറീസ് വകുപ്പിലെ ഉദേ്യാഗസ്ഥര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
                                        (പി.ആര്‍.പി 1921/2017)
 

date